2026 ഫിഫ ലോകകപ്പിന്റെ കിക്ക് ഓഫിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകകപ്പിന്റെ 23ാം എഡിഷന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്. 48 രാജ്യങ്ങളാണ് ഇത്തവണത്തെ ലോകകപ്പിനായി മാറ്റുരക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.
2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ 2026 ലോകകപ്പിനൊരുങ്ങുന്നത്. 2026 ലോ.കകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് കിരീടത്തിനായി അര്‍ജന്റീനക്കൊപ്പം മാറ്റുരക്കുന്നത്.
ഇപ്പോള്‍ ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലയണല്‍ മെസി. ലോകകപ്പ് കടുപ്പമായി മാറികൊണ്ടിരിക്കുകയാണെന്നും എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചുവെന്നുമാണ് മെസി പറഞ്ഞത്. തങ്ങളെ പരാജയപ്പെടുത്തുക എതിരാളികള്‍ക്ക് എളുപ്പമായിരിക്കില്ലെന്നും മെസി വ്യക്തമാക്കി. ടൈസി സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മെസി.
‘ഞാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടാവുമ്പോള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ നടക്കും ചില സമയങ്ങളില്‍ നടക്കില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി മികച്ച റിസള്‍ട്ട് നേടാന്‍ സാധിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. എന്നാല്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്. ഓരോ തവണയും അത് കടുപ്പമേറിയതായി മാറുകയാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഈ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ആരാധകരെയും ഞങ്ങള്‍ ഇത് ശീലിപ്പിച്ചു.
ഞങ്ങള്‍ വീണ്ടും കിരീടം നേടാനായി ശ്രമിക്കും. ഇത് സംഭവിക്കുമോ ഇല്ലായോ എന്ന് പറയാന്‍ സാധിക്കില്ല. ഇത് ഫുട്‌ബോളാണ്. ഒരു കാര്യം ഉറപ്പാണ് കാര്യങ്ങള്‍ എളുപ്പമാവില്ല. ഞങ്ങളെ പരാജയപ്പെടുത്തുകയെന്നത് എതിരാളികള്‍ക്കും എളുപ്പമായിരിക്കില്ല. കാരണം ഞങ്ങളുടേത് ഒരു മത്സര ബുദ്ധിയുള്ള ടീമാണ്,’ മെസി പറഞ്ഞു.
2022 ലോകകപ്പുമായി അർജന്റീന ടീം.
2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുള്ളത്.
1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം അര്‍ജന്റൈന്‍ ടീമിന് ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.
Content Highlight: Lionel Messi talks about Argentina team performance in 2026 world cup