| Monday, 12th October 2026, 1:48 pm

എന്തൊരു മണ്ടനാണ് ഞാന്‍, എനിക്ക് ലഭിച്ച സമയം എന്തിനാണ് പാഴാക്കിയത്? മനസ് തുറന്ന് മെസി

ശ്രീരാഗ് പാറക്കല്‍

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി അടുത്തിടെ തന്റെ വിരമിക്കല്‍ മത്സരം കളിച്ചിരുന്നു. ബെനിനെതിരായിരുന്നു മെസിയുടെ അവസാനത്തെ അന്താരാഷ്ട്ര മത്സരം. അര്‍ജന്റീനയുടെ ജേഴ്‌സി ഊരിയതിനുശേഷം ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍ മയാമിക്കായി മികച്ച പ്രകടനമാണ് മെസി കാഴ്ച വെക്കുന്നത്. കഴിഞ്ഞദിവസം ഡി.സി യുണൈറ്റഡിനെതിരെ മെസി ഇരട്ട ഗോള്‍ നേടി തിളങ്ങിയിരുന്നു.

പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന മെസിയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ജീവിതത്തില്‍ തനിക്ക് ഒരുപാട് കാര്യങ്ങളില്‍ കുറ്റബോധം ഉണ്ടെന്നും ചെറുപ്പത്തില്‍ ഇംഗ്ലീഷ് പഠിക്കാതിരുന്നതാണ് അതില്‍ ഏറ്റവും വിഷമിപ്പിക്കുന്നത് എന്നും മെസി പറഞ്ഞിരുന്നു.

ജീവിതത്തില്‍ അതിശയകരമായ വ്യക്തികളെയും താരങ്ങളെയും കണ്ടുമുട്ടാന്‍ സാധിച്ചിരുന്നെങ്കിലും അവരുമായി സംസാരിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം അറിവില്ലാത്ത ഒരാളായി തോന്നും എന്നും മെസി പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്യാതിരുന്നതില്‍ എനിക്ക് കുറ്റബോധമുണ്ട്. ചെറുപ്പത്തില്‍ ഇംഗ്ലീഷ് പഠിക്കാതിരുന്നതാണ് അതിലൊന്ന്. ഇംഗ്ലീഷ് പഠിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നു, പക്ഷേ ഞാനത് ചെയ്തില്ല. അതില്‍ എനിക്ക് വലിയ ഖേദമുണ്ട്.

അസാധാരണവും അതിശയകരവുമായ വ്യക്തികളെ കണ്ടുമുട്ടാനും അവരുമായി സംസാരിക്കാനും അവസരം ലഭിച്ച പല സാഹചര്യങ്ങളും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, അവരുമായി സംസാരിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വയം അറിവില്ലാത്ത ഒരാളാണെന്ന് തോന്നും.

ഞാന്‍ എപ്പോഴും ചിന്തിക്കുമായിരുന്നു, ‘എന്തൊരു മണ്ടനാണ് ഞാന്‍, എനിക്ക് ലഭിച്ച സമയം എന്തിനാണ് പാഴാക്കിയത്?’

ചെറുപ്പത്തില്‍ ഇതൊന്നും നമുക്ക് മനസിലാകില്ല. ഇന്ന് ഞാന്‍ എന്റെ മക്കളോട് പറയുന്നത് നല്ല വിദ്യാഭ്യാസം നേടാനും പഠിക്കാനും ജീവിതത്തില്‍ എന്തിനും തയ്യാറായിരിക്കാനുമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ അവരോട് എപ്പോഴും പറയാറുണ്ട്,’ കഴിഞ്ഞ ഫെബ്രുവരിയില്‍ മെക്‌സിക്കന്‍ പോട്കാസ്റ്റായ മിറോ ഡെ അത്രാസില്‍ മെസി പറഞ്ഞു.

Content Highlight: Lionel Messi Talking About something he regrets in life

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more