| Monday, 21st April 2025, 12:20 pm

ഈ വര്‍ഷം എനിക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും; തുറന്ന് പറഞ്ഞ് ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി കരിയറില്‍ 858 ഗോളുകള്‍ നേടിയാണ് മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.

എന്നാല്‍ ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് 2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ലയണല്‍ മെസി കളിക്കുമോ എന്നാണ്. ഇപ്പോള്‍ ലോകകപ്പിനായുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുകയാണ് ലയണല്‍ മെസി. സിമ്പിള്‍മെന്റെ ഫുട്‌ബോളിനോട് സംസാരിക്കുകയായിരുന്നു മെസി.

ലോകകപ്പിന് ഇനിയും സമയമുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സമയം പെട്ടന്ന് പോകുമെന്നും മെസി പറഞ്ഞു. മാത്രമല്ല ഈ വര്‍ഷം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും നന്നായി കളിക്കാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മെസി പറഞ്ഞത്

‘സത്യം എന്തെന്നാല്‍, നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോഴും, അത് വളരെ ദൂരെയാണ്. പക്ഷേ സമയം വേഗത്തില്‍ കടന്നുപോകും, അല്ലേ? ഈ വര്‍ഷം എനിക്ക് പ്രധാനപ്പെട്ടതായിരിക്കും, തുടര്‍ച്ചയോടെ നന്നായി കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.

കഴിഞ്ഞ വര്‍ഷം ഞാന്‍ പ്രീസീസണില്‍ ചേര്‍ന്നു, രണ്ട് ഗെയിമുകള്‍ ആരംഭിച്ചു, പിന്നീട് പരിക്കുകള്‍ കാരണം അല്ലെങ്കില്‍ നൂറ് ശതമാനം സുഖം തോന്നാത്തതിനാല്‍ കുറച്ച് ഗെയിമുകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. ഇത്തവണ പ്രീസീസണ്‍ മികച്ചതായിരുന്നു, ഞാന്‍ നന്നായി തുടങ്ങി. ധാരാളം ഗെയിമുകളുണ്ട്,’ മെസി പറഞ്ഞു.

അര്‍ജന്റീനയ്ക്കുവേണ്ടി 191 മത്സരങ്ങളില്‍ നിന്ന് 112 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. നിലവില്‍ ക്ലബ്ബ് ലെവലിലും മിന്നും പ്രകടനം നടത്തുന്ന മെസി 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ ഉണ്ടാകുമെന്നുതന്നെയാണ് ആരാധകരം വിശ്വസിക്കുന്നത്.

Content Highlight: Lionel Messi Talking about 2026 Football World Cup

We use cookies to give you the best possible experience. Learn more