| Sunday, 28th June 2026, 4:30 pm

റൊണാള്‍ഡോയും എംബാപ്പെയും വീണു; മെസിക്ക് മുന്നില്‍ ഇനി ഒരാള്‍ മാത്രം!

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും വിജയിച്ചാണ് നോക്കൗട്ട് റൗണ്ടിനായി ഒരുങ്ങുന്നത്. ഗ്രൂപ്പ് ജെ-യില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വിജയം.

ഈ മത്സരത്തിലും അര്‍ജന്റീനക്ക് വേണ്ടി മെസി ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. രണ്ടാം പകുതിയില്‍ 80ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് അര്‍ജന്റൈന്‍ നായകന്‍ ലക്ഷ്യം കണ്ടത്. പകരക്കാരനായി എത്തിയിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ജോര്‍ദാനെതിരെയും ഗോള്‍ നേടിയതോടെ മെസി ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങളില്‍ രണ്ടാമതെത്താനാണ് മിശിഹയ്ക്ക് സാധിച്ചത്. 15 ഗോളുകളുമായാണ് താരത്തിന്റെ നേട്ടം.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയും ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയെയും പിന്തള്ളിയാണ് മെസി രണ്ടാമതെത്തിയത്. ഇരുവരും 14 വീതം നോണ്‍ പെനാല്‍റ്റി ഗോളുകളാണ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്തത്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16

ലയണല്‍ മെസി – അര്‍ജന്റീന – 15

റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 14

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13

അതേസമയം മത്സരത്തില്‍ മെസിക്ക് പുറമെ അര്‍ജന്റീനക്ക് വേണ്ടി ജിയോവാനി ലോ സെല്‍സോയും ലൗട്ടാരോ മാര്‍ട്ടീനസും ഗോള്‍ നേടി. 19ാം മിനിട്ടില്‍ ജിയോവാനി ലോ സെല്‍സോ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്.

31ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടീനസ് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു. താരം ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിച്ചാണ് വല കുലുക്കിയത്. 55ാം മിനിട്ടില്‍ ജോര്‍ദാന്‍ തിരിച്ചടിച്ചു. മൂസ അല്‍ താമരിയാണ് ലക്ഷ്യം കണ്ടത്.

റൗണ്ട് ഓഫ് 32ല്‍ ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെയാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍. ജൂലൈ നാലിന് മയാമി സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Lionel Messi surpassed Ronaldo Nazario and Kylian Mbappe in most non penalty goals in FIFA World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more