2026ലെ കാമ്പിയോണ്‍സ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി. എം.എല്‍.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യന്‍മാരും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി ചാമ്പ്യന്മാരായത്. സ്വന്തം തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചുകയറിയത്.
ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണല്‍ മെസിയുടെ കരുത്തിലാണ് മയാമിയുടെ വിജയം. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ നിലവില്‍ അല്‍ നസറിന് വേണ്ടി റൊണാള്‍ഡോ 155 ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് നല്‍കിയത്.
എന്നാല്‍ ഇന്റര്‍ മയാമിക്ക് വേണ്ടി തന്റെ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ 156ലേക്ക് ഉയര്‍ത്താന്‍ മെസിക്ക് സാധിച്ചിരിക്കുകയാണ്. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി 115 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകളും 56 അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്. അതേസമയം അല്‍നസറിന് വേണ്ടി 132 ഗോളുകളും 23 അസിസ്റ്റും ഉള്‍പ്പെടെ 155 ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് റോണോ നേടിയത്.
അതേസമയം അന്താരാഷ്ട്ര കരിയറില്‍ നിന്ന് വരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ തന്റെ ആധ്യപത്യ തുടരുകയാണ് മെസി. കാമ്പിയോണ്‍സ് കപ്പ് സ്വന്തമാക്കിയതോടെ ഫുട്‌ബോള്‍ കരിയറിലെ 49ാം കിരീടവും മെസി സ്വന്തമാക്കിയിരിക്കുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവും മെസി തന്നെയാണ്. മയാമിക്കൊപ്പമുള്ള മെസിയുടെ അഞ്ചാം കിരീടമാണിത്.
24ാം മിനിട്ടില്‍ മെസിയുടെ ഹെഡ്ഡറിലൂടെയായിരുന്നു മയാമി ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ മയാമിയും സമനില പിടിക്കാന്‍ സന്ദര്‍ശകരും മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 81ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡിലൂടെയാണ് ബ്രസീലിയന്‍ താരം ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.