2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ മെസി ഈ മത്സരത്തില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയാണ് തന്റെ ഫോം തുടരുന്നത്. മത്സരത്തിന്റെ 38ാംമിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും സ്വന്തമാക്കി മെസി അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി.
മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. എട്ടാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിനെ വീഴ്ത്തിയതിനായിരുന്നു അര്‍ജന്റീനക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ ആരാധകരെ നിരാശരാക്കി മെസി പെനാല്‍റ്റി പുറത്തേക്ക് അടിക്കുകയായിരുന്നു.
മത്സരശേഷം ഈ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മെസി സംസാരിക്കുകയും ചെയ്തു. പെനാല്‍റ്റി നഷ്ടമായ നിമിഷത്തില്‍ തന്നോട് തന്നെ ദേഷ്യം വന്നുവെന്നാണ് മെസി പറഞ്ഞത്. എന്നാല്‍ പിന്നീട് ഗോളുകള്‍ നേടി തിരിച്ചുവരാന്‍ തനിക്ക് സാധിച്ചുവെന്നും മെസി വ്യക്തമാക്കി.
‘പെനാല്‍റ്റി നഷ്ടമാക്കിയ നിമിഷത്തില്‍ എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി. ഞാന്‍ വളരെ മോശമായാണ് ആ കിക്കെടുത്തത്. എന്നാല്‍ ആ നിര്‍ഭാഗ്യ സംഭവത്തെ അനുകൂലമാക്കി മാറ്റാനും ലീഡ് നേടാനും മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. അത് തന്നെയാണ് പ്രധാനം. വിജയിക്കുകയെന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. ഈ ലോകകപ്പ് നോക്കുമ്പോള്‍ അത് എളുപ്പമാവില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഓരോ മത്സരവും ബുദ്ധിമുട്ടുള്ളതാണ്,’ മെസി പറഞ്ഞു.
അതേസമയം മത്സരത്തില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ഒരു ലോക റെക്കോഡും മെസി കൈപ്പിടിയിലാക്കി. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് മെസി മാറിയത്. ലോകകപ്പില്‍ 18 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചാണ് മെസി തലപ്പെത്തിയത്. 16 ഗോളുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് മെസിയുടെ കുതിപ്പ്.
ജൂണ്‍ 28നാണ് നിലവിലെ ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
Content Highlight: Lionel Messi spoke about missing penalty against Austria in the World Cup