അർജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വർഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി ഇതിഹാസ താരം ലയണൽ മെസി പടിയിറങ്ങിയിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്.
നീണ്ട വർഷക്കാലത്തെ ഇതിഹാസ യാത്രക്ക് അന്ത്യം കുറിച്ച മെസി അർജന്റീന ടീമിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. നീലയും വെള്ളയും ജേഴ്സി ധരിക്കുന്നത് ഇപ്പോഴേ മിസ് ചെയ്യുന്നുണ്ടെന്ന് മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു.
തന്റെ കുടുംബം ഇല്ലായിരുന്നുവെങ്കിൽ ഈ ഒരു യാത്ര സാധ്യമാകില്ലായിരുന്നുവെന്നും മെസി പങ്കുവെച്ചു. അർജന്റൈൻ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ചും മെസി വൈകാരികമായി. മറഡോണയെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം എപ്പോഴും കൂടെയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും മെസി വ്യക്തമാക്കി.
‘ഇന്നലെയായിരുന്നു എന്റെ അവസാന മത്സരം. നീലയും വെള്ളയും ജേഴ്സി ധരിക്കുന്നത് ഇപ്പോഴേ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഞാൻ ശരിയായ തീരുമാനമാണ് എടുത്തതെന്ന് എനിക്കുറപ്പുണ്ട്. സന്തോഷങ്ങളും ചില സങ്കടങ്ങളും നിറഞ്ഞ ഒരു അത്ഭുതകരമായ യാത്രയായിരുന്നു ഇത്.
ഈ യാത്രയിൽ ഞാൻ എടുത്ത ഓരോ ചുവടും വിലമതിക്കുന്നതായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ എന്റെ മനസിൽ ഉള്ളതെല്ലാം കുറച്ച് വാക്കുകളിലെ ഒരു പോസ്റ്റിലൂടെയൊ പറയുക അസാധ്യമാണ്.
എന്റെ കുടുംബം ഇല്ലായിരുന്നെങ്കിൽ ഈ യാത്ര ഒരിക്കലും സാധ്യമാകുമായിരുന്നില്ല. എനിക്ക് ഏറ്റവും ആവശ്യമുണ്ടായിരുന്ന ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പോലും എന്റെ കുടുംബം എപ്പോഴും എന്റെ കൂടെ നിന്നു, എന്നെ പിന്തുണച്ചു.
എന്റെ സുഹൃത്തുക്കൾക്കും, എന്നോടൊപ്പം പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും, പരിശീലകർക്കും, ടെക്നിക്കൽ ടീമിനും ഒരുപാട് നന്ദി. നമ്മുടെ രാജ്യത്തെ അർഹിക്കുന്ന ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച എല്ലാവരോടും ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.
ഡിഗോയെയും ഞാൻ ഒരിക്കലും മറക്കില്ല. നമ്മൾ എടുക്കുന്ന ഓരോ ചുവടിലും അദ്ദേഹം നമ്മളോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വികാരങ്ങളെ എപ്പോഴും മനസിലാക്കുകയും ദേശീയ ടീമിന്റെ ജേഴ്‌സി ധരിക്കേണ്ട സമയത്ത് എന്റെ രാജ്യത്തിനായി പൂർണമായി സമർപ്പിക്കാൻ അനുവദിക്കുകയും ചെയ്ത ഞാൻ കളിച്ച എല്ലാ ക്ലബ്ബുകൾക്കും നന്ദി.
ദൈവത്തിനും നന്ദി. അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശവും അനുഗ്രഹവും ഇല്ലായിരുന്നെങ്കിൽ ഇത്രയും ദൂരം എത്തുമെന്ന് ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയുമായിരുന്നില്ല. ഞാൻ വളരെ നന്ദിയുള്ള ഒരാളാണ്. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു.
നിങ്ങളെ ഞാൻ ഒരുപാട് മിസ് ചെയ്യും. എന്റെ ജീവിതത്തിന്റെ ഈ യാത്രയിൽ എപ്പോഴും എന്റെ കൂടെ നിന്നതിനും എന്നെ പിന്തുണച്ചതിനും ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും’ മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു.
2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു. ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും മെസി ക്ലബ്ബ് ഫുട്‌ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നത് തുടരും.
Content Highlight: Lionel Messi share a emotional post his Argentina football journey