| Saturday, 28th June 2025, 3:49 pm

റൊണാള്‍ഡോ എന്നല്ല, ആരുമായും ഞാന്‍ എന്നെ താരതമ്യം ചെയ്യാറില്ല; മെസി പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം പുതിയ ടാന്‍സിഷന്‍ പീരിഡിലേക്ക് കടന്നിട്ടും ഹാലണ്ടും എംബാപ്പെയും മുതല്‍ ലാമിന്‍ യമാല്‍ വരെയുള്ള ടാലന്റുകള്‍ ഗ്രൗണ്ടില്‍ മാജിക് പുറത്തെടുത്തിട്ടും മെസി, റൊണാള്‍ഡോ എന്നീ പേരുകള്‍ പരാമര്‍ശിക്കപ്പെടാതെ ഒരു ഫുട്‌ബോള്‍ ആരാധകന്റെയും ഒരു ദിവസം കടന്നുപോകാറില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം നേര്‍ക്കുനേര്‍ മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്ന ചര്‍ച്ച ഉയരുമ്പോള്‍ ലോകം രണ്ട് ചേരിയായി മാറിയിരുന്നു. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

2009-2018 കാലഘട്ടത്തിലാണ് മെസി – റൊണാള്‍ഡോ റൈവല്‍റി അതിന്റെ കൊടുമുടിയിലെത്തിയത്. മെസി ബാഴ്സലോണയ്ക്കും ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിനും വേണ്ടി കളിക്കുന്ന സമയമായിരുന്നു അത്. ബാലണ്‍ ഡി ഓറും ലീഗ് ടൈറ്റിലുകളും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി ഇരുവരും പരസ്പരം ഒന്നാമതാകാന്‍ മത്സരിച്ചുകൊണ്ടിരുന്നു.

എങ്കിലും ഒരിക്കല്‍പ്പോലും തന്നെ റൊണാള്‍ഡോയുമായി താരതമ്യം ചെയ്തിരുന്നില്ല എന്ന് മെസി ഒരിക്കല്‍ പറഞ്ഞിരുന്നു. 2016ലെ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്ക് മുമ്പായാണ് മെസി ഇക്കാര്യം പറഞ്ഞത്.

‘ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കുകയാണ്. ഓരോ സീസണിലും എന്റെ ടീമിനെ കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കുകയാണ് എന്റെ ലക്ഷ്യം. ഞാന്‍ ഒരിക്കലും എന്നെ ക്രിസ്റ്റ്യാനോയുമായോ മറ്റേതെങ്കിലും താരങ്ങളുമായോ താരതമ്യം ചെയ്യാറില്ല. ഞാന്‍ എന്നെക്കുറിച്ചും എന്റെ ടീമിനെ കുറിച്ചും സഹതാരങ്ങളെ കുറിച്ചും വിജയത്തെ കുറിച്ചെല്ലാമാണ് എല്ലായ്‌പ്പോഴും ചിന്തിക്കാറുള്ളത്,’ മെസി പറഞ്ഞു.

അതേസമയം, ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മെസി. തന്റെ പഴയ ടീമായ പി.എസ്.ജിയെയാണ് മെസി റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ നേരിടുക.

Content Highlight: Lionel Messi says he don’t compare himself to Cristiano Ronaldo or anyone else

Latest Stories

We use cookies to give you the best possible experience. Learn more