| Saturday, 15th August 2026, 12:39 pm

അച്ഛന്റെ വഴിയേ മകനും; എട്ടാം വയസില്‍ കിരീടമുയര്‍ത്തി ലിറ്റില്‍ മെസി

സുദേവ് എ

ഫുട്‌ബോളില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പാരമ്പര്യം തുടര്‍ന്ന് മകനും. മെസിയുടെ മൂന്നാമത്തെ മകനായ സിറോ മെസി ഇന്റര്‍ മയാമിക്കൊപ്പം ആദ്യ കിരീടം നേടിയിരിക്കുകയാണ്. മയാമിയുടെ യൂത്ത് അക്കാദമിയില്‍ പന്തുതട്ടുന്ന സിറോ മെസി യു.ബി ടീമിനൊപ്പമാണ് സിറോ മെസി കിരീടം നേടിയത്. ഫൈനലില്‍ 10-2ന്റെ വമ്പന്‍ വിജയമാണ് മയാമി സ്വന്തമാക്കിയത്,

കലാശ പോരാട്ടത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് സിറോ മെസി തിളങ്ങിയത്. ഫൈനല്‍ മത്സരത്തിലെ എം.വി.പി പുരസ്‌കാരം സ്വന്തമാക്കിയതും ഇതിഹാസ പുത്രന്‍ തന്നെയാണ്.

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ചാമ്പ്യനായി പ്രതിഭ തെളിയിച്ച സിറോ മെസിക്ക് മെസിയുടെ അതേ പാതയിലൂടെ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

മെസിയുടെ മൂത്ത മകനായ തിയാഗോ മെസിയും ഫുട്‌ബോളിലേക്ക് ചുവട് വെച്ചുകഴിഞ്ഞു. നിലവില്‍ തിയാഗോ ഇന്റര്‍ മയാമിയുടെ അക്കാദമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

മെസിയെ ഇതിഹാസമാക്കിയ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലേക്ക് തിയാഗോ ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍ മയാമി അക്കാദമി വിട്ടാണ് തിയാഗോ സ്പാനിഷ് ക്ലബ്ബിലേക്ക് കളി പഠിക്കാനെത്തുന്നത്.

തിയാഗോ മെസി ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിലേക്ക് മാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. മെസിയെ ഇതിഹാസമാക്കിയ മണ്ണിലേക്ക് മകനായ തിയാഗോ മെസിക്കും ചേക്കേറുമെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് വലിയ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല.

ബാഴ്‌സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബര്‍ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്സയ്ക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ ബാഴ്‌സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മെസിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.

ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.

Content Highlight: Lionel Messi’s third son, Ciro Messi, wins first title with Inter Miami

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more