| Monday, 7th September 2026, 9:44 pm

അച്ഛന്റെ വഴിയേ ചരിത്രമെഴുതി മകനും; ഇന്റര്‍ മയാമിക്കൊപ്പം കിരീടമുയര്‍ത്തി ലിറ്റില്‍ മെസി

സുദേവ് എ

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ പാത പിന്തുടർന്ന് മകൻ മാറ്റിയോ മെസി. ഇന്റർ മയാമി അക്കാദമി ടീമിനെ നേപ്പിൾസ് കിരീടത്തിലേക്ക് നയിച്ചാണ് മാറ്റിയോ മെസി തിളങ്ങിയത്. 11 കാരനായ മാറ്റിയോ മെസി കിരീടം നേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇത്ര ചെറിയ പ്രായത്തിൽ തന്നെ ചാമ്പ്യനായി പ്രതിഭ തെളിയിച്ച മാറ്റിയോക്ക് മെസിയുടെ അതേ പാതയിലൂടെ ചരിത്രം സൃഷ്ടിക്കാൻ സാധിക്കുമോയെന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.

മെസിയുടെ ഇളയ മകൻ സിറോ മെസിയും അടുത്തിടെ ഇന്റർ മയാമിക്കൊപ്പം കിരീടം നേടിയിരുന്നു. മയാമിയുടെ യൂത്ത് അക്കാദമിയിൽ പന്തുതട്ടുന്ന സിറോ മെസി യു.ബി ടീമിനൊപ്പമാണ് സിറോ മെസി കിരീടം നേടിയത്.

ഫൈനലിൽ 10-2ന്റെ വമ്പൻ വിജയമാണ് മയാമി സ്വന്തമാക്കിയത്. കലാശ പോരാട്ടത്തിൽ ഇരട്ട ഗോൾ നേടിയാണ് സിറോ മെസി തിളങ്ങിയത്. ഫൈനൽ മത്സരത്തിലെ എം.വി.പി പുരസ്‌കാരം സ്വന്തമാക്കിയതും സിറോ തന്നെയാണ്.

മെസിയുടെ മൂത്ത മകനായ തിയാഗോ മെസിയും ഫുട്‌ബോളിലേക്ക് ചുവട് വെച്ചുകഴിഞ്ഞു. തിയാഗോയും ഇന്റർ മയാമിയുടെ അക്കാദമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

തിയാഗോ മെസി ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിലേക്ക് മാറുമെന്ന് നേരത്തെ റിപ്പോർട്ടുകൾ നിലനിന്നിരുന്നു. മെസിയെ ഇതിഹാസമാക്കിയ മണ്ണിലേക്ക് മകനായ തിയാഗോ മെസിയും ചേക്കേറുമെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് വലിയ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല.

ബാഴ്‌സലോണയിൽ കളിച്ചാണ് മെസി ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബർ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങൾ, രണ്ട് കോപ്പ കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്സയ്ക്കൊപ്പം നേടിയത്.

2021ലാണ് മെസി ബാഴ്സ വിട്ടത്. ബാഴ്സയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയിൽ നിന്നും 2023ൽ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്കും താരം കൂടുമാറി.

Content Highlight: Lionel Messi’s son Mateo Messi wins title with Inter Miami Academy team

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more