| Sunday, 22nd February 2026, 10:50 am

മെസിയും ഡി പോളും ടീമില്‍, 69 ശതമാനം പന്തടക്കം; എന്നിട്ടും മയാമിക്ക് തോല്‍വി തുടക്കം

ഫസീഹ പി.സി.

മേജര്‍ സോക്കര്‍ ലീഗ് (എം. എല്‍.എസ്) പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി ഇന്റര്‍ മയാമി. ലോസ് ഏഞ്ചല്‍സിനോട് (എല്‍.എ.എഫ്.സി) എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.

മെസിയും ഡി പോളും അടക്കമുള്ള സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ടീം തോല്‍വി വഴങ്ങുകയിരുന്നു. 69 ശതമാനം പന്തടക്കമുണ്ടായിട്ടുമാണ് ദി ഹെറോണ്‍സിന്റെ ഈ പരാജയമെന്നതാണ് ശ്രദ്ധേയം.

മത്സരത്തിന്റെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരു ടീമുകളും വാശിയോടെയാണ് മുന്നേറിയത്. ഇന്റര്‍ മയാമി താരങ്ങളും എല്‍.എ.എഫ്.സി താരങ്ങളും ഗോള്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചു. പന്ത് കൈയില്‍ ഏറെ നേരം കൈവശപ്പെടുത്തിയ മയാമി താരങ്ങളെ ഞെട്ടിച്ച് എല്‍.എ.എഫ്.സി വല കുലുക്കി.

38ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ടീമിനായി വല കുലുക്കിയത് ഡേവിഡ് മാര്‍ട്ടിനസാണ്. സൺ ഹ്യൂങ്-മിൻ നൽകിയ പന്ത് സ്വീകരിച്ചായിരുന്നു ഈ ഗോൾ നേട്ടം.

സൺ ഹ്യൂങ് മിനും ഡെനിസ് ബൗംഗും. Photo: MLS/x.com

പിന്നാലെ, ദി ഹെറോൺസ് തിരിച്ചടിക്കാൻ ശ്രമങ്ങൾ തുടങ്ങി. എന്നാല്‍, മയാമി താരങ്ങളുടെ നെഞ്ച് തകര്‍ത്ത് ലോസ് ഏഞ്ചല്‍സ് തങ്ങളുടെ ലീഡ് ഉയര്‍ത്തി. ടീമിനായി ഡെനിസ് ബൗംഗയാണ് പന്ത് വലയിലെത്തിച്ചത്. 73ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ നേട്ടം.

ഏറെ നേരം ഇതേ ലീഡുമായി തന്നെ മത്സരം മുന്നേറി. അപ്പോഴെല്ലാം മയാമി താരങ്ങള്‍ പന്തുമായി ആക്രമണമഴിച്ച് വിട്ടു. ഒരു ഗോളെങ്കിലും നേടി മത്സരത്തിലേക്ക് തിരിച്ചുവരവിനായി കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, ഗോള്‍ മാത്രം അകന്നു നിന്നു.

മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ മയാമിയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ അവസാന ആണിയും അടിച്ച് ലോസ് ഏഞ്ചല്‍സ് മൂന്നാം ഗോളും വലയിലെത്തിച്ചു. ഇത്തവണ നഥാന്‍ ഓര്‍ഡാസാണ് ഗോള്‍ സ്‌കോറര്‍. 90+ 4ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്.

ഏറെ വൈകാതെ ഫൈനല്‍ വിസിലെത്തി. അതോടെ മെസിക്കും സംഘത്തിനും സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നു.

Content Highlight: Lionel Messi’s Inter Miami lost their first match in MLS against Los Angeles FC

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more