| Monday, 1st September 2025, 8:15 am

മെസിയ്ക്ക് 47ാം കിരീടമില്ല; മയാമിയെ തകര്‍ത്ത് സിയാറ്റില്‍ സൗണ്ടേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ്സ് കപ്പ് ഫൈനലില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനോട് അടിയറവ് പറഞ്ഞ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി. ലുമെന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്റര്‍ മയാമിയുടെ തോല്‍വി. ഇതോടെ കരിയറില്‍ 47 കിരീടങ്ങള്‍ എന്ന മെസിയുടെ മോഹം പൊലിഞ്ഞു.

കപ്പ് മോഹിച്ച് ഇരു ടീമുകളും തുടക്കം മുതല്‍ തന്നെ മൈതാനത്ത് പന്തുമായി കുതിച്ചു. കളി ആവേശകരമായി മുന്നേറി കൊണ്ടിരിക്കെ മെസിയുടെ സംഘത്തെ ഞെട്ടിച്ച് സിയാറ്റില്‍ സൗണ്ടേഴ്‌സ് ആദ്യ വെടി പൊട്ടിച്ചു. 26ാം മിനിറ്റില്‍ ഒസാസെ ഡി റൊസാരിയോയാണ് ആദ്യമായി വല കുലുക്കിയത്.

പിന്നാലെ, തിരിച്ചടിക്കാന്‍ ഇന്റര്‍ മയാമി താരങ്ങള്‍ ശ്രമങ്ങള്‍ നടത്തി. ഗോള്‍ എന്ന ലക്ഷ്യത്തോടെ പന്തുമായി മുന്നോട്ട് കുതിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധത്തില്‍ അത് തകര്‍ന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു.

84ാം മിനിട്ടില്‍ സൗണ്ടേഴ്‌സ് വീണ്ടും മെസിയുടെ സംഘത്തെ ഞെട്ടിച്ചു. ഇത്തവണ അലക്‌സ് റോള്‍ഡന്റെ വകയായിരുന്നു ഗോള്‍. രണ്ടാം ഗോളുമെത്തിയതോടെ മയാമി ആകെ തളര്‍ന്നു. എങ്കിലും അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ സൗണ്ടേഴ്‌സ് മയാമിക്കെതിരെ അവസാന ആണിയും അടിച്ചു. 89ാം മിനിട്ടില്‍ പോള്‍ റോത്രോക്ക് സൗണ്ടേഴ്‌സിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. ഏറെ വൈകാതെ സൗണ്ടേഴ്‌സിനെ വിജയികളാക്കി അവരോധിച്ച് ഫൈനല്‍ വിസിലുമെത്തി.

മെസിയും ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും സെര്‍ജിയോ ബുസ്‌ക്വെറ്റുമൊക്കെ കളത്തില്‍ ഇറങ്ങിയിട്ടും ഇന്റര്‍ മയാമി തോല്‍വി വഴങ്ങുകയായിരുന്നു. ടീമിന്റെ രണ്ടാം ലീഗ്സ് കപ്പ് കിരീടമെന്ന ആഗ്രഹമാണ് ഇതോടെ തകര്‍ന്നത്. മത്സരത്തിന്റെ ഏറിയ പങ്കും പന്ത് കൈവശം വെച്ചാണ് ദി ഹെറോണ്‍സ് വമ്പന്‍ പരാജയമേറ്റുവാങ്ങിയത്.

മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് 67 ശതമാനമാണ് പന്തടക്കമുണ്ടായിരുന്നത്. 10 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് അടിച്ചത്. പക്ഷേ, അതില്‍ ഒറ്റൊന്ന് പോലും ഷോട്ട് ഓണ്‍ ടാര്‍ഗെറ്റായിരുന്നില്ല.

അതേസമയം, വെറും 32 ശതമാനം മാത്രമായിരുന്നു സൗണ്ടേഴ്‌സിന്റെ പൊസഷന്‍. മെസി സംഘത്തിന് വല ലക്ഷ്യമാക്കി അവര്‍ തൊടുത്തത് 11 ഷോട്ടുകളായിരുന്നു. അതില്‍ ആറും ഷോട്ട് ഓണ്‍ ടാര്‍ഗെറ്റുമായിരുന്നു.

Content Highlight: Lionel Messi’s Inter Miami defeated by Seattle Sounders in Leagues Cup final

We use cookies to give you the best possible experience. Learn more