| Friday, 18th September 2026, 11:33 am

ബയേണിനും ബാഴ്‌സക്കും പാരീസിനും 'മുകളില്‍' ആരുംതൊടാത്ത ഉയരത്തില്‍ മെസി

സുദേവ് എ

2026 കാമ്പിയോണ്‍സ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി. എം.എല്‍.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യന്‍മാരും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി കിരീടം ചൂടിയത്. മയാമിയുടെ തട്ടകമായ നു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചുകയറിയത്.

മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ 49ാം കിരീടമാണിത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവും മെസി തന്നെയാണ്. ഫുട്‌ബോളില്‍ മെസി അരങ്ങേറ്റം കുറിച്ചതിന് ശേഷം യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകളെക്കാള്‍ കൂടുതല്‍ കിരീടങ്ങളാണ് മെസി നേടിയതെന്നും ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

2004ല്‍ മെസി അരങ്ങേറ്റം കുറിച്ചതിന് ശേഷം ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് 44 കിരീടങ്ങളാണ് നേടിയിട്ടുള്ളത്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്കും നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നും 37 വീതം കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 2004ന് ശേഷം റയല്‍ മാഡ്രിഡ് 32 കിരീടങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി 24 കിരീടങ്ങളുമാണ് നേടിയിട്ടുള്ളത്.

മെസി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയത് തന്നെ ഇതിഹാസമാക്കി മാറ്റിയ കറ്റാലന്‍മാര്‍ക്ക് വേണ്ടിയാണ്. ലാ ലിഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണ മെസി ബാഴ്‌സയ്‌ക്കൊപ്പം ചാമ്പ്യനായി.

അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പം ആറ് തവണയാണ് മെസി കിരീടം ചൂടിയത്. 2022 ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും അടക്കമുള്ള പ്രധാന മേജര്‍ ട്രോഫികളാണ് മെസി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ സ്വന്തമാക്കിയത്.

പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ മെസി ഇന്റര്‍ മയാമിക്കൊപ്പം അഞ്ചാം കിരീടമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം കാമ്പിയോണ്‍സ് കപ്പ് ഫൈനലില്‍ ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങാനും മെസിക്ക് സാധിച്ചിരുന്നു. മത്സരം തുടങ്ങി 24ാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടി. മെസിയാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെയായിരുന്നു മെസി ലക്ഷ്യം കണ്ടത്.

81ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡിലൂടെയാണ് കാസെമിറോ ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.

Content Highlight: Lionel Messi record tittle wins in football history

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more