| Saturday, 18th July 2026, 11:55 am

അവനെ മാത്രമല്ല, സ്പെയ്ന്‍ ടീമിനെ മുഴുവന്‍ തടയണം: മെസി

സുദേവ് എ

2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെ പ്രശംസിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. യമാല്‍ മികച്ച താരമാണെന്നും തനിക്ക് ഇഷ്ടപ്പെട്ട ക്ലബ്ബില്‍ കളിക്കുന്നതിനാല്‍ യമാലിന്റെ കളി എപ്പോഴും കാണാറുണ്ടെന്നുമാണ് മെസി പറഞ്ഞത്. എങ്കിലും മത്സരത്തില്‍ ലാമിനെ തടയാന്‍ ശ്രമിക്കുമെന്നും മെസി വ്യക്തമാക്കി.

‘ലാമിന്‍ മികച്ച താരമാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്ലബിന് വേണ്ടിയാണ് അവന്‍ കളിക്കുന്നത്. അതിനാല്‍ അവന്റെ പ്രകടനം ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. യമാലിന് എല്ലാ ആശംസകളും നേരുന്നു. മത്സരത്തില്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. അതിലൂടെ യമാലിന്റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ അവസരം നല്‍കാതിരിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അത് എളുപ്പമുള്ള കാര്യമല്ല. ലാമിനെ മാത്രമല്ല സ്പെയ്ന്‍ ടീമിനെ മുഴുവനും തടയേണ്ടതുണ്ട്. കാരണം അവര്‍ക്ക് വ്യത്യസ്ത കളി ശൈലിയും മികച്ച താരങ്ങളുമുണ്ട്. ഞങ്ങള്‍ക്കും ശക്തികളുണ്ട്,’ മെസി പറഞ്ഞു.

ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത് യമാലായിരുന്നു. യമാല്‍ ഒരു ഗോളാണ് ഇതുവരെ സ്പെയ്നിന് വേണ്ടി നേടിയിട്ടുള്ളത്. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപിടി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 19കാരന്‍ കുതിക്കുന്നത്.

20 വയസിന് മുമ്പ് ലോകകിരീടം ചൂടി ഫുട്‌ബോള്‍ ലോകത്ത് തന്റേതായ ഒരു സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്താന്‍ യമാലിന് സാധിക്കുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം മെസിയും ഈ ലോകകപ്പില്‍ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്. അഞ്ച് തവണയാണ് മെസി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്.

Content Highlight: Lionel Messi praises Lamine Yamal performance

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more