| Saturday, 15th March 2025, 12:40 pm

എന്നെ അത്ഭുതപ്പെടുത്തിയ ഗോള്‍കീപ്പര്‍, ഞാന്‍ കണ്ട ഏറ്റവും മികച്ച പ്രകടനം; തുറന്നുപറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ കരിയറില്‍ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ ഗോള്‍ കീപ്പറെ കുറിച്ച് ലയണല്‍ മെസി. ഇതിഹാസ താരങ്ങളായ ജിയാന്‍ലൂജി ബഫണ്‍, ഐകര്‍ കസിയസ്, മാനുവല്‍ നൂയര്‍ തുടങ്ങി ഇതിഹാസങ്ങള്‍ക്കെതിരെ കളിച്ച മെസി എന്നാല്‍ മുന്‍ സെല്‍റ്റിക് ഗോള്‍കീപ്പര്‍ ഫ്രേസര്‍ ഫോര്‍സ്റ്ററാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്നാണ് പറയുന്നത്.

2012 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സലോണ – സെല്‍റ്റിക് മത്സരത്തിനിടെ ഫോര്‍സ്റ്റര്‍ പുറത്തെടുത്ത പ്രകടനത്തെയാണ് മെസി അഭിനന്ദിച്ചത്. മെസിക്ക് പുറമെ ആന്ദ്രേ ഇനിയേറ്റ, പെഡ്രോ, അലക്‌സിസ് സാഞ്ചസ്, സാവി ഹെര്‍ണാണ്ടസ് തുടങ്ങിയ മികച്ച താരനിരയുണ്ടായിരുന്നിട്ടും സ്‌കോട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു.

ഫ്രേസര്‍ ഫോര്‍സ്റ്റർ

ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ തോല്‍വി. മത്സരത്തിന്റെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും നിശ്ചിത സമയത്ത് ഒറ്റ ഗോള്‍ പോലും നേടാന്‍ ബാഴ്‌സയ്ക്ക് സാധിച്ചിട്ടില്ലായിരുന്നു. 90+1ാം മിനിട്ടിലാണ് മെസി ബാഴ്‌സയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

ഓണ്‍ ടാര്‍ഗെറ്റിലേക്ക് 14 തവണ നിറയൊഴിച്ചിട്ടും ഒറ്റ ഷോട്ട് മാത്രമാണ് ബാഴ്‌സയ്ക്ക് വലയിലെത്തിക്കാന്‍ സാധിച്ചത്. സെല്‍റ്റിക്കിന്റെ ഗോള്‍വല കാക്കും ഭൂതത്താന് മുമ്പില്‍ ബാഴ്‌സലോണ അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറയുകയായിരുന്നു. ഈ മത്സരത്തെ കുറിച്ച് നേരത്തെ ഡെയ്‌ലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മെസി ഫോര്‍സ്റ്ററിനെ പ്രശംസിച്ചത്.

‘ഞങ്ങള്‍ക്കെതിരെ ഫ്രേസര്‍ ഫോര്‍സ്റ്റര്‍ പുറത്തെടുത്ത പ്രകടനത്തെ കുറിച്ച് കാലങ്ങളായി ആളുകള്‍ സംസാരിക്കുന്നുണ്ട്. സ്‌കോട്‌ലാന്‍ഡില്‍ വെച്ച് നടന്ന ആ മത്സരം, എന്തൊരു പ്രകനമായിരുന്നു, എനിക്ക് തോന്നുന്നത് അവനൊരു മനുഷ്യനായിരുന്നില്ല എന്നാണ്. ഞാന്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ കീപ്പിങ് പ്രകടനമായിരുന്നു അത്.

വിക്ടര്‍ വാല്‍ഡസ് (ബാഴ്‌സ ഗോള്‍ കീപ്പര്‍) ടീം വിടാനൊരുങ്ങിയപ്പോള്‍ അവനെ (ഫ്രേസര്‍ ഫോര്‍സ്റ്റര്‍) ബാഴ്‌സയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അവന്‍ ആഴ്‌സണലിലോ ചെല്‍സിയിലോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലോ പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു,’ മെസി പറഞ്ഞു.

ബാഴ്‌സയെ പരാജയത്തിലേക്ക് തള്ളിവിട്ട ഈ പ്രകടനത്തിന് പിന്നാലെ ‘ഗ്രേറ്റ് വാള്‍ ഓഫ് ഗ്ലാസ്‌ക്കോ’ എന്ന വിളിപ്പേരും ഫോര്‍സ്റ്ററിന് ലഭിച്ചിരുന്നു.

2014ല്‍ സെല്‍റ്റിക്കില്‍ നിന്നും സതാംപ്ടണിലേക്ക് ചുവടുമാറ്റിയ താരം ടീമിനായി 162 മത്സരത്തില്‍ ഗോള്‍വല കാത്തു. 2019/20ല്‍ സെല്‍റ്റിക്കിലേക്ക് ലോണില്‍ തിരിച്ചെത്തി.

2022ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്‌സ്പറുമായി താരം കരാറിലെത്തി. 2023 ഡിസംബര്‍ ആറിന് ടീമുമായുള്ള കരാര്‍ 2025 വരെ നീട്ടുകയും ചെയ്തു.

Content Highlight: Lionel Messi praises former Celtic goal keeper Fraser Forster

We use cookies to give you the best possible experience. Learn more