| Friday, 23rd October 2026, 5:18 pm

ഞാൻ നേടിയ ഏറ്റവും പ്രധാനപ്പട്ട ഗോളുകൾ അതായിരുന്നു: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ കരിയറിൽ നേടിയതിൽ ഏറ്റവും പ്രധാനപ്പെട്ട ഗോൾ ഏതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ഗോളുകളെയാണ് മെസി ഏറ്റവും പ്രധാനപ്പെട്ട ഗോളുകളായി തെരഞ്ഞെടുത്തത്. 2026 പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് ദാന ചടങ്ങിന് മുന്നോടിയായി ഇ.എഫ്.ഇക്ക് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം തുറന്നുപറഞ്ഞത്.

‘ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ഗോളുകൾ എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു. ഞാൻ ആ ഗോളുകൾ നേടിയ സമയവും മത്സരത്തിന്റെ പ്രാധാന്യവുമെല്ലാം അവയ്ക്ക് വലിയ മൂല്യമാണ് നൽകിയത്. ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്നം മാത്രമായിരുന്നില്ല. അതിലേറെ വലിയ ആഗ്രഹമായിരുന്നു,’ മെസി പറഞ്ഞു.

1986ൽ ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയ ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷമായിരുന്നു അർജന്റീന മെസിയുടെ കീഴിൽ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് അർജന്റീനയുടെ ലോകകപ്പ് നേട്ടം.

2022 ലോകകപ്പുമായി അർജന്റീന ടീം.

മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷമായിരുന്നു അർജന്റീന ലോക കിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിച്ചത്. 2002ൽ ബ്രസീൽ ആയിരുന്നു ലാറ്റിനമേരിക്കയിൽ നിന്നും കിരീടം നേടിയത്.

ഫൈനലിൽ അർജന്റീനക്ക് വേണ്ടി മെസി ഇരട്ട ഗോൾ നേടിയാണ് തിളങ്ങിയത്. എയ്ഞ്ചൽ ഡി മരിയയാണ് മറ്റൊരു ഗോൾ സ്‌കോറർ. ടൂർണമെന്റിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മെസിയാണ്.

മറുഭാഗത്ത് ഫൈനലിൽ എംബാപ്പെ ഹാട്രിക് നേടിയിരുന്നു ഒപ്പം എട്ട് ഗോളുകളുമായി ലോകകപ്പിലെ ഗോൾഡൻ ബൂട്ടും ഫ്രഞ്ച് സൂപ്പർ താരം സ്വന്തം പേരിലാക്കിയിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

അർജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വർഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയിരുന്നു. ഫുട്ബോളിൽ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം.

ലോകകപ്പ്‌, കോപ്പ അമേരിക്ക, ഫൈനൽസീമ, അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്സ് ഗോൾഡ് മെഡൽ തുടങ്ങിയ ഒട്ടനവധി കിരീടങ്ങൾ അർജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്.

അർജന്റീനയിൽ നിന്നും പടിയിറങ്ങിയെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ 936 ഗോളുകൾ നേടി ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് മുന്നേറുകയാണ് മെസി.

Content Highlight: Lionel Messi pick best goals scored his football career

Latest Stories

We use cookies to give you the best possible experience. Learn more