| Sunday, 22nd June 2025, 6:40 pm

റൊണാള്‍ഡോയെ ചാരമാക്കാന്‍ സാക്ഷാല്‍ മെസി; മുന്നിലുള്ളത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെയാണ് ഇന്റര്‍ മയാമിക്ക് നേരിടാനുള്ളത്. ജൂണ്‍ 24ന് ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കില്‍ ഇന്റര്‍ മയാമിക്ക് വിജയം അനിവാര്യമാണ്.

ഈ നിര്‍ണായക മത്സരത്തില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവും മയാമി ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് സാധിക്കും. രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ മെസിക്ക് ക്ലബ്ബ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാകാനാണ് സാധിക്കുക. ഏഴ് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മെസി ആറ് ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.

ഈ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ കളിക്കാത്തതിനാല്‍ മെസിക്ക് ഈ നേട്ടം വളരെ എളുപ്പത്തില്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ക്കാന്‍ സാധിക്കും. കരിം ബെന്‍സിമ, ഗാരത് ബെയ്ല്‍ എന്നിവര്‍ ആറ് ഗോളുകളും ഈ ടൂര്‍ണമെന്റ്‌റില്‍ നേടിയിട്ടുണ്ട്.

ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 7

ലയണല്‍ മെസി – 6

കരീം ബെന്‍സെമ – 6

ഗാരെത് ബെയില്‍ – 6

സീസര്‍ ഡെല്‍ഗാഡോ – 5

അതേസമയം രണ്ടാം മത്സരത്തില്‍ പോര്‍ട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്റര്‍ മയാമി വിജയിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ഇന്റര്‍ മയാമി വിജയിച്ചത്. 8ാം മിനിറ്റില്‍ സാമു അഘഹോവ നേടിയ പെനല്‍റ്റി ഗോളിലൂടെ പോര്‍ട്ടോ ലീഡെടുക്കുകയായിരുന്നു.

തുടര്‍ന്ന്, ഉണര്‍ന്നു കളിച്ച മെസിയും സംഘവും 47ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലൂടെ സമനില നേടി. തുടര്‍ന്ന് മത്സരം പുരോഗമിക്കവെ 54 മിനിറ്റില്‍ പോര്‍ട്ടോ ബോക്‌സിന് പുറത്ത് നിന്ന് ഇന്റ്‌റര്‍ മയാമിക്ക് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി മെസി മത്സരത്തില്‍ മയാമിക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് മയാമി നേടിയത്. മറുഭാഗത്ത് നാല് പോയിന്റ് തന്നെ നേടി ഒന്നാം സ്ഥാനത്താണ് ബ്രസീലിയന്‍ ക്ലബ്ബ്. ഗോള്‍ ശരാശരിയില്‍ മുന്നില്‍ ഉള്ളതാണ് ബ്രസീലിയന്‍ ക്ലബ്ബിനെ ഒന്നാം സ്ഥാനത്ത് എത്താന്‍ തുണയായത്.

Content Highlight: Lionel Messi Need Two Goals To Surpass Cristiano Ronaldo In Great Record List

We use cookies to give you the best possible experience. Learn more