2026 ഫിഫ ലോകകപ്പ് ജൂണ്‍ 12ന് ആരംഭിക്കാനിരിക്കുകയാണ്. കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.
ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യ മത്സരത്തിനെത്തുന്നത്. മത്സരത്തിനിറങ്ങുന്ന മെസിക്ക് ഒരു വമ്പന്‍ റെക്കോഡും താരത്തിന് സ്വന്തം പേരില്‍ കുറിക്കാന്‍ സാധിക്കും. ഇതിനായി മെസിക്ക് വേണ്ടതാകട്ടെ വെറും മൂന്ന് ഗോള്‍ മാത്രമാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാനാണ് ലയണല്‍ മെസിക്ക് സാധിക്കുക. ഈ നേട്ടത്തില്‍ ജര്‍മയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്താനും താരത്തിന് സാധിക്കും. മാത്രമല്ല ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ നസാരിയോയും ജസ്റ്റ് ഫോണ്ടൈനെയും മറികടക്കാനും മെസിക്ക് സാധിക്കും.
മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16 (24)
റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 15 (19)
ജസ്റ്റ് ഫോണ്ടൈന്‍ (ഫ്രാന്‍സ്) – 13 (6)
ലയണല്‍ മെസി (അര്‍ജന്റീന) – 13 (26)
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 12 (14)
നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി പന്ത് തട്ടുന്നത്. ലീഗില്‍ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി മെസിയും സംഘവും മൂന്നാം സ്ഥാനത്താണ്. 25 പോയിന്റാണ് മയാമിക്കുള്ളത്. 18 പോയിന്റുമായി നാഷ്‌വില്ലെയാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 25 പോയിന്റുമായി ന്യൂ ഇംഗ്ലണ്ടാണ് സ്ഥാനം പിടിച്ചത്.
സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് നാല് അസിസ്റ്റ് ഉള്‍പ്പെടെ 13 ഗോളുകളാണ് മെസി നേടിയത്. മാത്രമല്ല മയാമിക്ക് വേണ്ടി 101 മത്സരങ്ങളില്‍ നിന്ന് 87 ഗോളുകളാണ് മെസി നേടിയത്. അതേസമയം അര്‍ജന്റീനയ്ക്ക് വേണ്ടി 117 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരുടെ അവസാന ലോകകപ്പാകും 2026ലേത്.
Content Highlight: Lionel Messi Need Three Goals For World Record In FIFA World Cup