| Saturday, 3rd October 2026, 7:03 am

വിടവാങ്ങലിൽ ചരിത്രമെഴുതാൻ 'ഡോക്ടർ' മെസി; ലോക റെക്കോഡിനരികെ മിശിഹ

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 21 വർഷത്തെ ഇന്റർനാഷണൽ ഫുട്ബോൾ കരിയർ അവിസ്മരണീയമായി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ഒക്ടോബർ ആറിനാണ് മെസി അവസാനമായി അർജന്റീനയുടെ നീലകുപ്പായമണിയുക. ബ്യൂണസ് ഐറിസിലെ മോന്യൂമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടുക.

ഈ മത്സരത്തിൽ മെസിയുടെ ഇടംകാലിൽ നിന്നും അത്ഭുതങ്ങൾ പിറക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. സമീപകാലങ്ങളിൽ ഇന്റർ മയാമിക്ക് വേണ്ടി തുടരുന്ന ഫ്രീ കിക്ക് ഗോൾ വേട്ട അർജന്റീനക്ക് വേണ്ടിയും ആവർത്തിക്കാൻ മെസിക്ക് സാധിച്ചാൽ ഒരു ലോക റെക്കോഡും കൈപ്പിടിയിലാക്കി മടങ്ങാൻ മെസിക്ക് സാധിക്കും.

മത്സരത്തിൽ മൂന്ന് ഫ്രീ കിക്ക് ഗോളുകൾ നേടിയാൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം മെസിയുടെ പേരിൽ കുറിക്കപ്പെടും. ഇതുവരെ 76 മഴവിൽ ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ച മെസിയുടെ മുന്നിൽ 78 ഫ്രീ കിക്കുകൾ നേടിയിട്ടുള്ള മുൻ ബ്രസീലിയൻ താരം മാർസെലിഞ്ഞോ കരിയോക്ക മാത്രമാണുള്ളത്. മയാമിക്ക് വേണ്ടി കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ നാല് ഫ്രീ കിക്ക് ഗോളുകളാണ് മെസി നേടിയിരുന്നത്. ഇതിൽ ഒരു മത്സരത്തിൽ തന്നെ രണ്ട് മഴവിൽ ഗോളുകളും മെസി സ്വന്തമാക്കിയിരുന്നു.

ഫുട്ബോളിൽ പല അത്ഭുതങ്ങളും സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന മെസി അവസാന അങ്കത്തിലും എന്ത് വിരുന്നാണ് ആരാധകർ ഒരുക്കുകയെന്ന് കണ്ടുതന്നെ അറിയണം.

വിടവാങ്ങൽ മത്സരത്തിൽ ‘ഡോക്ടർ’ ബഹുമതി ഏറ്റുവാങ്ങിയാവും മെസി കളത്തിലിറങ്ങുക. അർജന്റീനയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് ഐറിസ് ആണ് മെസിക്ക് ഡോക്ടർ പദവി നൽകി ആദരിക്കുന്നത്.

കളിക്കളത്തിലെ നേട്ടങ്ങൾക്ക് പുറമെ രാജ്യത്തോടുള്ള പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് മെസിക്ക് ഈ പദവി നൽകുന്നത്. മെസിയുടെ ഫെയർവെൽ മാച്ചിൽ പ്രത്യേക ചടങ്ങിലായിരിക്കും ഡോക്ടർ ബഹുമതി നൽകുക.

Content Highlight: Lionel Messi need three free kick goals to create a historical record in football

We use cookies to give you the best possible experience. Learn more