2026 ഫിഫ ലോകകപ്പില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികള്‍. ഡല്ലാസ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന. കാന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന വിജയിച്ചിരുന്നത്.
ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് കരുത്തിലാണ് അര്‍ജന്റീന ഗംഭീര വിജയം സ്വന്തമാക്കിയത്. ആറ് ലോകകപ്പില്‍ ബൂട്ടുകെട്ടിയ മെസിയുടെ ആദ്യ ലോകകപ്പ് ഹാട്രിക്കായിരുന്നു ഇത്. രണ്ടാം മത്സരത്തിലും മെസിയുടെ ബൂട്ടുകളില്‍ നിന്നും ഗോള്‍ പിറക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ പല റെക്കോഡുകളും തന്റെ പേരിലാക്കി മാറ്റിയ മെസിക്ക് രണ്ടാം പോരാട്ടത്തിലും ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കും.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരമാവാനുള്ള അവസരമാണ് മെസിക്കുള്ളത്.
ഈ നേട്ടത്തില്‍ ബ്രസീലിയന്‍ ഇതിഹാസ താരം കഫുവിനെ മറികടകാണാന് മെസിക്ക് സാധിക്കുക. മെസിയും കഫുവും 16 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്. ഒരു വിജയം കൂടി സ്വന്തമാക്കിയാല്‍ ജര്‍മന്‍ ഇതിഹാസമായ മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്താനും മെസിക്ക് സാധിക്കും. 17 വിജയവുമായി ഒന്നാം സ്ഥാനത്താണ് ക്ലോസെ.
റോസ്ലാവ് ക്ലോസെ-ജര്‍മനി-17
ലയണല്‍ മെസി-അര്‍ജന്റീന-16
കഫു-ബ്രസീല്‍-16
വോള്‍ഫ്ഗാങ് ഓവറാത്ത്-ജര്‍മനി-15
റൊണാള്‍ഡോ നസാരിയോ-ബ്രസീല്‍-15
ഫിലിപ് ലാം-ജര്‍മനി-15
ബാസ്റ്റിയന്‍ സൈന്‍സ്റ്റീഗര്‍-ജര്‍മനി-15
ലോഥര്‍ മത്തേയൂസ്-ജര്‍മനി-15
ലൂസിയോ-ബ്രസീല്‍-14
ഫ്രാന്‍സ് ബെക്കന്‍ബോവര്‍-ജര്‍മനി-14
അതേസമയം ക്ലോസെയുടെ മറ്റൊരു റെക്കോഡ് തകര്‍ക്കാനുള്ള അവസരവും മെസിക്കുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിന്റെ അരികിലാണ് മെസി. നിലവില്‍ 16 ഗോളുകളുമായി ക്ലോസെക്കൊപ്പം ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് മെസി. ഒരു ഗോള്‍ കൂടി നേടിയാല്‍ ഈ റെക്കോഡില്‍ ക്ലോസെയെ മറികടന്ന് മുന്നേറാനും അര്‍ജന്റൈന്‍ നായകന് സാധിക്കും.
ആദ്യ മത്സരത്തിലെ ഹാട്രിക്കോടെ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ നസാരിയോയെയും ജസ്റ്റ് ഫോണ്ടൈനെയും മറികടന്നാണ് മെസി ക്ലോസെക്കൊപ്പമെത്തിയത്.
Content Highlight: Lionel Messi need one win to create a historical record in World cup