| Friday, 17th July 2026, 9:03 am

അധികാര തുടര്‍ച്ചക്ക് ലിയോ; കിരീടം തൂക്കിയാല്‍ പിറക്കുക ലോക റെക്കോഡ്

സുദേവ് എ

2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഒരുങ്ങുകയാണ്. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

മറുഭാഗത്ത് സ്പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്പെയ്ന്‍ കണ്ണുവെക്കുക.

ഇത്തവണയും അര്‍ജന്റീന കിരീടം നേടുകയാണെങ്കില്‍ നായകന്‍ ലയണല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ക്യാപ്റ്റനും ഇതുവരെ നേടാനാവാത്ത നേട്ടമാണ്. തുടര്‍ച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാവാന്‍ മെസിക്ക് സാധിക്കും.

96 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമിന്റെ ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര നേട്ടം മെസിക്ക് നേടാനാവുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കാനും മെസിക്ക് സാധിച്ചിരുന്നു.

അതേസമയം അര്‍ജന്റീന മറ്റൊരു ഫൈനലില്‍ കൂടി കടന്നതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു ചരിത്ര നേട്ടവും മെസി സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഒരു ടീമിനെ മൂന്ന് ഫൈനലുകളില്‍ എത്തിച്ച ആദ്യ ക്യാപ്റ്റനായാണ് മെസി മാറിയത്. 2014ലാണ് അര്‍ജന്റീനയെ മെസി ആദ്യമായി ഫൈനലില്‍ എത്തിച്ചത്.

എന്നാല്‍ ആ വര്‍ഷം ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. 2022 ഖത്തര്‍ ലോകകപ്പിലാണ് മെസി അര്‍ജന്റീനയെ രണ്ടാം ഫൈനലിലെത്തിച്ചത്.

ആ വര്‍ഷം അര്‍ജന്റീനക്ക് കിരീടം നേടികൊടുക്കാനും മെസിക്ക് സാധിച്ചു. ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ കിരീട നേട്ടം.

ഇപ്പോള്‍ ഇംഗ്ലണ്ടിനെ മറികടന്ന് മറ്റൊരു കിരീട പോരിന് കൂടി മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന യോഗ്യത നേടിയതോടെയാണ് മെസിയെ തേടി ഈ ചരിത്രനേട്ടമെത്തിയത്.

2018 റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനായി മെസി കളത്തിലിറങ്ങിയെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു.

Content Highlight: Lionel Messi need one tittle to set a new record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more