2026 ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും അര്‍ജന്റീന ഡാലസ് സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങുക.
ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഫോം തന്നെയാവും അര്‍ജന്റീനക്ക് ഈ മത്സരത്തിലും കരുത്തുപകരുക. അള്‍ജീരിയക്കെതിരെ ഹാട്രിക്ക് നേടി തിളങ്ങിയ മെസി ഓസ്ട്രിയക്കെതിരെയും തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഓസ്ട്രിയക്കെതിരെ ഗോള്‍ നേട്ടം ആവര്‍ത്തിക്കാന്‍ മെസിക്ക് സാധിച്ചാല്‍ തന്റെ കരിയറിലെ പുതിയൊരു ചരിത്ര നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ലോകകപ്പുകളില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന അപൂര്‍വ നേട്ടമാണ് മെസിയുടെ മുന്നിലുള്ളത്.
2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ തുടങ്ങിയ ഗോള്‍ വേട്ട ഇന്ന് അള്‍ജീരിയക്കെതിരെയാണ് എത്തിനില്‍ക്കുന്നത്. ആ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ലക്ഷ്യം കണ്ടു.
ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകളും മെസി സ്വന്തമാക്കി. ഈ ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടി വരവറിയിച്ച മെസി ആറാം പോരാടാട്ടത്തില്‍ എതിരാളികളുടെ വല കുലുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍, മുന്‍ ബ്രസീല്‍ സൂപ്പര്‍താരം ജെയ്ര്‍സിഞ്ഞോ എന്നിവരുമാണ് ഈ താരങ്ങള്‍.
ജസ്റ്റ് ഫോണ്ടെയ്ന്‍
1958 ലോകകപ്പിലാണ് ഫ്രാന്‍സിനായി ജസ്റ്റ് ഫോണ്ടെയ്ന്‍ ഈ നേട്ടം കൈവരിച്ചത്. 13 ഗോളുകളാണ് താരം ആ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. കളിച്ച എല്ലാ മത്സരങ്ങളിലും താരം ഗോള്‍ നേടി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഫോണ്ടെയ്ന്‍ തന്നെയാണ്.
ജെയ്ര്‍സിഞ്ഞോ
1970ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനായി കളിച്ച എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയാണ് ജെയ്ര്‍സിഞ്ഞോ തിളങ്ങിയത്. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും കാനറിപ്പടക്കായി ഏഴ് ഗോളുകളാണ് ജെയ്ര്‍സിഞ്ഞോ നേടിയത്.
ആദ്യ മത്സരത്തില്‍ തന്നെ പല റെക്കോഡുകളും തന്റെ പേരിലാക്കി മാറ്റിയ മെസിക്ക് രണ്ടാം പോരാട്ടത്തിലും ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കും.
ഈ അപൂര്‍വനേട്ടത്തിലേക്ക് മൂന്നാമനായി മെസിയുമെത്തുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Lionel Messi need one goal to create a rare record in world cup