| Saturday, 6th December 2025, 7:41 pm

അവസരമൊത്താല്‍ കപ്പിനൊപ്പം ചരിത്ര നേട്ടവും കൊണ്ടുപോകാം; മെസിയെ കാത്തിരിക്കുന്നത് ഗംഭീര റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

എം.എല്‍.എസ് കപ്പ് ഫൈനല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും ഇറങ്ങുന്ന ആവേശത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. വാന്‍കൗവറിനോടാണ് മെസിയുടെ ഇന്റര്‍ മയാമി ഏറ്റുമുട്ടുന്നത്. ചെയ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന അങ്കത്തില്‍ കന്നി കിരീടം സ്വന്തമാക്കാന്‍ ക്യാപ്റ്റന്‍ മെസിക്ക് സാധിക്കുമെന്നാണ് ഫുട്ബോള്‍ ആരാധകര്‍ വിശ്വസിക്കുന്നത്.

Lionel Messi, Photo: x.com

മത്സരത്തില്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടവുമാണ്. ഫൈനലില്‍ അഞ്ച് അസിസ്റ്റ് ഗോള്‍ നേടാന്‍ സാധിച്ചാല്‍ എം.എല്‍.എസിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമായി മാറാനാണ് മെസിക്ക് സാധിക്കുക. ഏറെ കുറെ അസാധ്യമായ റെക്കോഡാണ് ഇതെങ്കിലും മെസിക്ക് റെക്കോഡിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മുന്‍ കൊളംബിയന്‍ താരം കാര്‍ലോസ് വാല്‍ഡെറാമയാണ് നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാമന്‍. 2000ല്‍ 26 അസിസ്റ്റുകളാണ് താരം ലീഗില്‍ നേടിയത്. ഇനി വെറും അഞ്ച് അസിസ്റ്റ് നോടിയാല്‍ കാര്‍ലോസിനൊപ്പമെത്താന്‍ മെസിക്ക് സാധിക്കും.

മാത്രമല്ല എം.എല്‍.എസ് റെഗുലര്‍ സീസണ്‍ അസിസ്റ്റ് ലീഡര്‍മാരുടെ പട്ടികയില്‍ മെസി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. സീസണില്‍ ഇതുവരെ 48 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളാണ് മെസിക്കുള്ളത്.
കൂടാതെ ഒക്ടോബറില്‍ എം.എല്‍.എസ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ ഇന്റര്‍ മയാമി ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയെ 5-1 ന് പരാജയപ്പെടുത്തിയപ്പോള്‍ മെസി ഒരു അസിസ്റ്റ് നേടിയരുന്നു. ഇതോടെ 405 എന്ന കരിയറിലെ എക്കാലത്തെയും മികച്ച അസിസ്റ്റ് ഗോള്‍ തന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാനും മെസിക്ക് സാധിച്ചിരുന്നു.

നിലവില്‍ 1136 മത്സരങ്ങളില്‍ നിന്ന് 896 ഗോളുകളാണ് മെസി കരിയറില്‍ സ്വന്തമാക്കിയത്. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് മെസി. ഒന്നാം സ്ഥാനത്തുള്ളത് 954 ഗോളുകള്‍ സ്വന്താമാക്കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.

Content Highlight: Lionel Messi Need Five Assist Goals For New Record In M.L.S

We use cookies to give you the best possible experience. Learn more