| Saturday, 9th August 2025, 1:43 pm

കരാർ ഒപ്പിട്ടത് സ്‌പോൺസർമാർ, സർക്കാരല്ല: എ.എഫ്.എയുടെ വിമർശനത്തിൽ വിശദീകരണവുമായി കായിക മന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പർ താരം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം മുടങ്ങിയതിന്റെ കാരണം കേരള സർക്കാരാണെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്.എ) വിമർശനത്തിൽ വിശദീകരണവുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ. എ.എഫ്.എയുമായി സർക്കാർ കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. കരാർ ഒപ്പിട്ടത് സ്പോൺസർമാരാണെന്നും പണം നൽകിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും കായിക മന്ത്രി പറഞ്ഞു.

നേരത്തെ, മെസിയുടെ കേരളാ സന്ദർശനം മുടങ്ങിയതിൽ കേരള സർക്കാരിനെതിരെ വിമർശനവുമായി എ.എഫ്.എ ചീഫ് കൊമേഷ്യല്‍ ആന്‍ഡ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സണ്‍ രംഗത്ത് എത്തിയിരുന്നു. ടീമുമായുള്ള കരാർ ലംഘിച്ചത് കേരള സർക്കാരാണെന്നായിരുന്നു ആരോപണം. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നും വിമർശനമുണ്ടായിരുന്നു.

ഒരു സ്പോർട്സ് ലേഖകനുമായി നടന്ന ആശവിനിമയത്തിലാണ് എ.എഫ്.എ ചീഫ് മാർക്കറ്റിങ് ഓഫീസർ വിമർശനങ്ങള്‍ ഉന്നയിച്ചത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചത് കരാര്‍ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അത് സത്യമല്ല, കരാർ ലംഘനം നടത്തിയത് കേരളാ സർക്കാരാണ് എന്നായിരുന്നു പീറ്റേഴ്സണിന്റെ മറുപടി. ഇത് കരാർ ലംഘനമാണെന്ന് പറഞ്ഞാണ് പീറ്റേഴ്സണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതിൽ ഏത് തരത്തിലുള്ള കരാർ ലംഘനമാണ് നടത്തിയത് എന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അര്‍ജന്റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം തുടരുകയാണിപ്പോഴും. ലയണൽ മെസിയും അർജന്റീന ടീമും ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എ.എഫ്.എ ഈ വർഷത്തെ തങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ അതിൽ കേരള സന്ദർശനമുണ്ടായിരുന്നില്ല.

ഇത് വലിയ ചർച്ചയ്ക്കും വിവിധങ്ങൾക്കും കാരണമായിരുന്നു. സ്പോൺസർ അർജന്റൈൻ ടീമുമായി ചർച്ച തുടരുകയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ വര്‍ഷം അര്‍ജന്റീനയുടെ കേരള സന്ദര്‍ശനമുണ്ടാകില്ല എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇതിനുപിന്നാലെ മെസിയുടെ വരവ് മുടങ്ങിയതില്‍ കായിക വകുപ്പിനും സ്പോണ്‍സർമാർക്കും എതിരെ ട്രോളുകള്‍ നിറയുന്നതിനിടെയാണ് എ.എഫ്.എയുടെ വിമർശനം.

Content Highlight: Sports Minister V. Abdurahman explains that Government didn’t sign agreement with Argentina Football Association

We use cookies to give you the best possible experience. Learn more