2026 ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകാണ് അര്‍ജന്റീന. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ്.
അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13ാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഈജിപ്ത് ഗോള്‍ നേടി. യാസിര്‍ ഇബ്രാഹിമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം അര്‍ജന്റീനയുടെ വലകുലുക്കിയത്.
എന്നാല്‍ മത്സരത്തിന്റെ 15ാം മിനിട്ടില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റികള്‍ (ഷൂട്ട് ഔട്ട് ഒഴികെ) പാഴാക്കുന്ന താരം എന്ന മോശം റെക്കോഡും മെസിയുടെ തലയില്‍ വീണിരിക്കുകയാണ്. നാലാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. 2018ല്‍ ഐസ്‌ലന്‍ഡിനെതിരെയും, 2022ല്‍ പോളണ്ടിനെതിരെയും, നിലവിലെ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും ഇപ്പോള്‍ ഈജിപ്ത്തിനെതിരെയുമാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.
കൂടാതെ ഒരു ലോകകപ്പ് പതിപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരമെന്ന മോശം റെക്കോഡും അദ്ദേഹത്തിന്റെ പേരിലായി.
മെസിയുടെ പ്രൊഫഷണല്‍ കരിയറിലെ 34ാമത്തെ പെനാല്‍റ്റി മിസ്സായിരുന്നു ഇത്. അര്‍ജന്റീനയുടെ ജേഴ്സിയില്‍ അദ്ദേഹത്തിന് ഇത് എട്ടാം തവണയാണ് സ്‌പോട്ട്കിക്കില്‍ പരാജയപ്പെടുന്നത്.
എന്നാല്‍ സീസണില്‍ ഏട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് റെയ്‌സില്‍ മുന്നേറാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും നോര്‍വേയുടെ എര്‍ളിങ് ഹാലന്‍ഡും ഏഴ് ഗോളുകളുമായി മെസിക്ക് തൊട്ടരികിലുണ്ട്. മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നോടുന്ന താരമെന്ന നേട്ടത്തില്‍ വമ്പന്‍ കുതിപ്പാണ് മെസി നടത്തുന്നത് (21 ഗോള്‍).
അതേസമയം രണ്ടാം പകുതിയില്‍ ഈജിപ്ത് വീണ്ടും ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിക്കാതെ നിന്നു. പിന്നീട് 67ാം മിനിട്ടില്‍ മുസ്തഫ സീക്കോയുടെ ഗോളിലൂടെ ഈജിപ്ത് വീണ്ടും ലീഡ് നേടി. ഒരു തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ ഈജിപ്ത് താരങ്ങള്‍ അര്‍ജന്റൈന്‍ പ്രതിരോധത്തെ പൊളിച്ചുകൊണ്ടാണ് മുസ്തഫ സീക്കോ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 79ാം മിനിറ്റില്‍ ക്രിസ്ത്യന്‍ റൊമേറോയുടെ ഗോളിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. ഹെഡ്ഡര്‍ ഗോളിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് 83ാം മിനിട്ടില്‍ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ഒപ്പം പിടിച്ചു.
ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ അര്‍ജന്റീനക്ക് വേണ്ടി വിജയഗോള്‍ നേടുകയായിരുന്നു. ഇനി ജൂണ്‍ 12ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍. കാന്‍സസ് സിറ്റി സ്റ്റേഡിയമാണ് വേദി. ഇന്ത്യന്‍ സമയം പുലര്‍ച്ച 6.30നാണ് മത്സരം. കൊളംബിയയ്‌ക്കെതിരായ പെനാള്‍റ്റി ഷൂട്ട് ഔട്ടില്‍ വിജയിച്ചതോടെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ക്വാര്‍ട്ടറിലേക്ക് കേറിയത്.
Content Highlight: Lionel Messi In Unwanted Record In FIFA World Cup History