എം.എല്‍.എസില്‍ മോണ്‍ട്രിയലിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി. നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് മെസിപ്പട വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസി നേടിയ നാല് ഗോളിന്റെ കരുത്തിലാണ് ഇന്റര്‍ മയാമി വിജയിച്ചുകയറിയത്. രണ്ട് ഫ്രീ കിക്ക് ഗോള്‍ ഉള്‍പ്പെടെയായിരുന്നു മെസിയുടെ ഗോള്‍ വേട്ട. മെസി നേടിയ ഒന്നാമത്തെയും നാലാമത്തെയും ഗോളായിരുന്നു ഫ്രീകിക്കിലൂടെ നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് മെസിക്ക് സാധിച്ചത്. ബ്രസീല്‍ ഇതിഹാസങ്ങളായ റോബര്‍ട്ടോ ഡിനാമൈറ്റിനെയും ജൂനിഞ്ഞോ പെര്‍നാംബുക്കാനോയേയും മറികടന്നാണ് മെസി ഫ്രീ കിക്ക് ഗോളില്‍ മറികടന്നത്. ഈ നേട്ടത്തില്‍ ബ്രസീല്‍ ഇതിഹാസം ജെയര്‍ റോസ പിന്റോയ്‌ക്കൊപ്പമാണ് നിലവില്‍ മെസി രണ്ടാം സ്ഥാനം പങ്കിടുന്നത്.
മാര്‍സെലിനോ കരിയോക (ബ്രസീല്‍) – 78
ലയണല്‍ മെസി (അര്‍ജന്റീന) – 74
ജെയര്‍ റോസ പിന്റോ (ബ്രസീല്‍) – 74
റോബര്‍ട്ടോ ഡിനാമൈറ്റ് (ബ്രസീല്‍) – 73
ജൂനിഞ്ഞോ പെര്‍നാംബുക്കാനോ (ബ്രസീല്‍) – 72
മാര്‍ക്കോസ് അസുന്‍സാവോ 68 ഗോളുകള്‍
മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി ഗോള്‍വേട്ട തുടങ്ങിവെച്ചത് ബ്രസീലിയന്‍ സൂപ്പര്‍ താരം കാസെമിറോയായിരുന്നു. 20ാം മിനിട്ടില്‍ സൂപ്പര്‍ ഹെഡ്ഡറിലൂടെയാണ് താരം ഇന്റര്‍ മയാമിക്കായി തന്റെ ആദ്യ ഗോള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മറുപടിയായി മോണ്‍ട്രിയല്‍ താരം ഫാബിയന്‍ ഹെര്‍ബേഴ്‌സ് മയാമിയുടെ പോസ്റ്റിലേക്കും ബോളെത്തിച്ചു സമനില പിടിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് മെസിയുടേയും സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനാണ് ഗാലറി സാക്ഷ്യം വഹിച്ചത്.
40ാം മിനിട്ടിലാണ് സാക്ഷാല്‍ മെസി തന്റെ ആദ്യ ഗോള്‍ എതിരാളിയുടെ നെഞ്ചിലേക്ക് പായിച്ചത്. കിടിലന്‍ ഫ്രീ കിക്കിലൂടെയാണ് താരം ആദ്യ ഗോള്‍ നേടിയത്. 50ാം മിനിട്ടില്‍ ലൂയിസ് സുവാരസിന്റെ അസിസ്റ്റിലൂടെ മെസി തന്റെ രണ്ടാം ഗോളിനും പിറവി നല്‍കി.
ഇന്റര്‍ മയാമിയുടെ പ്രഹരങ്ങള്‍ തടുക്കാന്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്ത് പ്രതിരോധിച്ചെങ്കിലും മോണ്‍ട്രിയലിന് കാര്യങ്ങളൊന്നും ഫലിച്ചില്ല. ശേഷം 80ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ സുവാരിസും ഗോള്‍ അടിച്ച് മയാമിയുടെ ലീഡ് ഉയര്‍ത്തി.
എന്നാല്‍ അവിടംകൊണ്ടൊന്നും മയാമി നിര്‍ത്തിയില്ല. മൂന്ന് മിനിട്ടിന് ശേഷം മെസി തന്റെ ഹാട്രിക് ഗോള്‍ സ്വന്തമാക്കിയാണ് മൈതാനത്ത് താണ്ഡവമാടിയത്. 89ാം മിനിട്ടില്‍ അലക്‌സാഡര്‍ ഷോയും മോണ്‍ട്രിയലിനെതിരെ ഗോളടിച്ച് ലീഡ് വീണ്ടും ഉയര്‍ത്തി.
വമ്പന്‍ വിജയം പൂര്‍ണമാക്കിയെങ്കിലും മത്സരത്തിലെ എക്‌സ്ട്രാ ടൈമില്‍ (90+6) വീണ്ടും മെസിയുടെ ഫ്രീകിക്കിലൂടെ ഫിനിഷിങ് ഗോള്‍ കൂടി വന്നപ്പോള്‍ മയാമിയുടെ ആഘോഷം ഏറെ സ്‌പെഷ്യലായി. നാല് കിടിലന്‍ ഗോളുകളും നേടി മെസി ഫുട്‌ബോള്‍ ലോകത്തെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരാധകരും ഏറെ സന്തോഷത്തിലാണ്.
മത്സരത്തില്‍ മയാമി തന്നെയായിരുന്നു എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചത്. 18 ഷോട്ടുകളാണ് എതിരാളിക്ക് നേരെ താരങ്ങള്‍ ഉന്നംവെച്ചത്. അതില്‍ 12 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും മെസിയും സംഘവും തന്നെയായിരുന്നു മുന്നില്‍. അതേസമയം ടൂര്‍ണമെന്റില്‍ മയാമിയുടെ അടുത്ത മത്സരം സെപ്റ്റംബര്‍ ആറിന് അറ്റ്‌ലാന്റ യുനൈറ്റഡിനോടാണ്.
Content Highlight: Lionel Messi In Great Record Achievement In Football History