2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. കാന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളാക്കാണ് നീലപ്പട വിജയം സ്വന്തമാക്കിയത്. ഇതോടെ അര്‍ജന്റീന ഗ്രൂപ്പ് ജെ-യില്‍ ഒന്നാമതെത്തി.
മത്സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് കരുത്തിലാണ് അര്‍ജന്റീന ആദ്യ പോയിന്റ് നേടിയത്. 17, 60, 76 എന്നീ മിനിട്ടുകളിലാണ് മെസിയുടെ കിടിലന്‍ ഗോളുകള്‍ പിറന്നത്. ആറ് ലോകകപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇത് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കായിരുന്നു.
ഇതിനൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടം മെസി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും മെസി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പമെത്താനും താരത്തിന് സാധിച്ചു. ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ നസാരിയോയെയും ജസ്റ്റ് ഫോണ്ടൈനെയും മറികടന്നാണ് മെസി ഈ നേട്ടത്തിലെത്തിയത്. മാത്രമല്ല ഈ നേട്ടത്തില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ മെസിക്ക് തൊട്ടുമുമ്പ് മുന്നേറിയിരുന്നെങ്കിലും ഹാട്രിക്ക് ഗോളില്‍ മെസി വമ്പന്‍ കുതിപ്പാണ് കാഴ്ചവെച്ചത്.
ലയണല്‍ മെസി (അര്‍ജന്റീന) – 16 (27)
മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16 (24)
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 15 (15)
റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 15 (19)
ജസ്റ്റ് ഫോണ്ടൈന്‍ (ഫ്രാന്‍സ്) – 13 (6)
ജൂണ്‍ 22നാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ അടുത്ത മത്സരം. ഓസ്ട്രിയയാണ് എതിരാളികള്‍. ഡാലസ് സ്റ്റേഡിയമാണ് വേദി.