2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. ഗ്രൂപ്പ് ജെയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന കീഴടക്കിയത്. ഡാലസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഇരട്ട ഗോള്‍ കരുത്തിലാണ് നീലപ്പട വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയിരുന്നു. മധ്യനിരയുടെ കൃത്യമായ പാസിങ്ങും മുന്നേറ്റനിരയുടെ വേഗതയും ഓസ്ട്രിയന്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദത്തിലാക്കി.
ഓസ്ട്രിയയും ശക്തമായ പോരാട്ടമാണ് കളത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ മത്സരത്തിലെ 38ാം മിനിട്ടില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന അര്‍ജന്റീനയ്ക്ക് വേണ്ടി രണ്ടാം പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ (90+5) മെസി തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (18) നേടുന്ന താരമെന്ന നേട്ട സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
മാത്രമല്ല മുഴുവന്‍ സമയവും കളത്തില്‍ കളിച്ച മെസി ഒരു വമ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം കളിച്ച താരം എന്ന നേട്ടത്തിലാണ് മെസി കുതിക്കുന്നത്. ഇന്ന് 39ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന മെസി റെക്കോഡുകള്‍ വാരിക്കൂട്ടിയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്.
ലയണല്‍ മെസി (അര്‍ജന്റീന) – 2484 – 28
പൗലോ മാല്‍ഡിനി (ഇറ്റലി) – 2217 – 23
ലോഥര്‍ മാത്യൂസ് (ജര്‍മനി) – 2047 – 25
ഔ സീലര്‍ (ജര്‍മനി) – 1980 – 21
ഫിലിപ് ലാം (ജര്‍മനി) – 1920 – 20
മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് ഗോളുകള്‍ നെടി മെസി ഈ മത്സരത്തിലും അര്‍ജന്റീനയുടെ ഹീറോ ആവുകയായിരുന്നു.
മറുപടി ഗോളിനായി ഓസ്ട്രിയ ശ്രമിച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധനിര ശ്രമങ്ങളെ തടഞ്ഞു. ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് നടത്തിയ പ്രകടനവും എടുത്തുപറയണം.
അതേസമയം ജൂണ്‍ 28നാണ് ലയണല്‍ മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
Content Highlight: Lionel Messi In Great Record Achievement In FIFA World Cup