| Monday, 23rd March 2026, 11:47 am

ത്രില്ലിങ്... ഇതിഹാസത്തെ വെട്ടി മെസിയുടെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

എം.എല്‍.എസില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂയോര്‍ക്ക് സിറ്റിക്കെതിരെ ഇന്റര്‍ മയാമി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. യങ്കീ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയുടെ മയാമി വിജയം സ്വന്തമാക്കിയത്.

മത്സരത്തിലെ നാലാം മിനിട്ടില്‍ ഗോണ്‍സാലോ ലുജാനാണ് മയാമിക്കായി ആദ്യ വലകുലുക്കിയത്. പിന്നീട് ന്യൂയോര്‍ക്കിന്റെ നിക്കോളാസ് ഫെര്‍ണാണ്ടസ് 17ാം മിനിട്ടില്‍ മയാമിയുടെ പോസ്റ്റിലേക്ക് ഫ്രീകിക്കിലൂടെ ഗോളടിച്ചു. എന്നാല്‍ വാശിയേറിയ പോരാട്ടത്തില്‍ ന്യൂയോര്‍ക്കിന്റെ അഗസ്റ്റിന്‍ ഔജേഡ 59ാം മിനിട്ടില്‍ ഗോളടിച്ച് ലീഡ് കണ്ടെത്തി.

ശേഷം അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിക്കാതെ ഇരുടീമുകളും കളത്തില്‍ നിറഞ്ഞാടി. എന്നാല്‍ 61ാം മിനിട്ടില്‍ മയാമിക്ക് ലഭിച്ച ഫ്രീകിക്കിലൂടെ സൂപ്പര്‍ താരം മെസി തന്റെ ഇടം കാലില്‍ നിന്ന് പായിച്ച പന്ത് വലകുലുക്കിയോതോടെ മയാമി ഒപ്പത്തിനൊപ്പമെത്തി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് മെസിക്ക് സാധിച്ചത്. 71 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടന്നാണ് മെസി ഈ നേട്ടത്തില്‍ രണ്ടാമനായത്.

ഫുട്‌ബോളില്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍

ജുനീനോ (ബ്രസീല്‍) – 77

ലയണല്‍ മെസി (അര്‍ജന്റീന) – 71

പെലെ (ബ്രസീല്‍) – 70

റൊണാള്‍ഡീനോ (ബ്രസീല്‍) – 66

വെക്ടര്‍ ലിഗ്രോടഗ്ലി (അര്‍ജന്റീന) – 66

മത്സരത്തില്‍ 74ാം മിനിട്ടില്‍ മെസിക്ക് പുറമെ മൈക്കല്‍ നേടിയ ഗോളിലൂടെ മെസിപ്പട ലീഡ് ഉയര്‍ത്തി. അവസാന ഘട്ടത്തില്‍ സമനിലയ്ക്ക് വഴങ്ങാതെ മെസിപ്പട ഒരു ഗോളിന്റെ ലീഡില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Lionel Messi In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more