അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും എം.എല്‍.എസില്‍ തന്റെ മാജിക് തുടരുകയാണ് സൂപ്പര്‍താരം ലയണല്‍ മെസി. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരെ നടന്ന ലീഗ് മാച്ചില്‍ ഇന്റര്‍ മയാമിയ്ക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞിരിക്കുകയാണ് മെസി. മത്സരത്തില്‍ ഇന്റര്‍ മയാമി 2-1ന് വിജയിച്ചു.
ന്യൂ ഇംഗ്ലണ്ട് സ്റ്റേഡിയത്തിന്റെ ഹോംഗ്രൗണ്ടായ ഗില്ലറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്റര്‍ മയാമി വിജയം സ്വന്തമാക്കിയത്. ഇതോടെ ടീം 2027ലെ കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി.
മത്സരത്തിന്റെ 53ാം മിനിട്ടില്‍ ഡാനിയേസ് ഹസ്ദാഗിലൂടെ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷന്‍ മുന്നിലെത്തി. 69ാം മിനിട്ടില്‍ മെസിയുടെ ഹെഡര്‍ അസിസ്റ്റില്‍ നിന്നും ഹെര്‍മന്‍ ബെര്‍ടെറാമി നേടിയ ഗോളില്‍ ഇന്റര്‍ മയാമി ഒപ്പമെത്തി.
83ാം മിനിട്ടിലാണ് മെസി മാജിക്കിലൂടെ ഇന്റര്‍ മയാമിയുടെ വിജയഗോള്‍ എത്തിയത്. പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് കിട്ടിയ പന്തുമായി മുന്നോട്ട് ഡ്രിബിള്‍ ചെയ്ത് നീങ്ങിയ മെസിയുടെ ഇടം കാലന്‍ ഷോട്ട് എതിര്‍ടീമിന്റെ ഡിഫന്‍ഡറെയും ഗോളിയെയും മറികടന്ന് വലയിലെത്തി.
ഇതോടെ ഈ സീസണില്‍ 26 ഗോളുകളും 16 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. തുടര്‍ച്ചയായി മൂന്നാം തവണ ലാന്‍ഡണ്‍ ഡൊണോവന്‍ എം.എല്‍.എസ് മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍ (എം.വി.പി) പുരസ്‌കാരവും തുടര്‍ച്ചയായ രണ്ടാം തവണ ഗോള്‍ഡന്‍ ബൂട്ടും നേടാനുള്ള സാധ്യത മെസ്സിക്ക് വര്‍ധിച്ചു.
54,112 കാണികള്‍ക്ക് മുന്നില്‍ നടത്തിയ പ്രകടനത്തോടെ, ന്യൂ ഇംഗ്ലണ്ടിനെതിരെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചാം തവണയും ഒന്നിലധികം ഗോളുകള്‍ക്ക് വഴിയൊരുക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. ഈ മത്സരങ്ങളിലായി എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
മത്സരത്തിലെ വിജയത്തോടെ എം.എല്‍.എസ് ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സീഡ് നേടാനുള്ള സാധ്യത ഇന്റര്‍ മയാമി ശക്തമാക്കി.
കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടിയതോടെ ഇനി ഇന്റര്‍ മയാമിയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം എം.എല്‍.എസ് കപ്പ് കിരീടം നിലനിര്‍ത്തുക എന്നതാണ്. 2011-12ല്‍ തുടര്‍ച്ചയായി കിരീടം നേടിയ എല്‍.എ ഗാലക്‌സിക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറാനാണ് മയാമിയുടെ ശ്രമം.
Content Highlight: Lionel Messi heroics lead Inter Miami to Concacaf Champions Cup.