| Friday, 5th December 2025, 3:31 pm

ലോകകപ്പ് നേടാന്‍ സാധ്യത ബ്രസീല്‍ അടക്കം ആറ് ടീമുകള്‍ക്ക്; വമ്പന്‍ പ്രവചനവുമായി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2026 ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന ആറ് ടീമുകളെ തെരഞ്ഞെടുത്ത് ഇതിഹാസ താരം ലയണല്‍ മെസി. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് 2026 ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന അര്‍ജന്റീനയടക്കമുള്ള ആറ് ടീമുകളെ മെസി തെരഞ്ഞെടുത്തത്.

ചിരവൈരികളായ ബ്രസീലും 2014ല്‍ തങ്ങളെ പരാജയപ്പെടുത്തി കിരീടമണിഞ്ഞ ജര്‍മനിയും മെസിയുടെ ടോപ്പ് സിക്‌സിലുണ്ട്.

2026 ഫിഫ ലോകകപ്പ്

‘വളരെ മികച്ച ഒരുപാട് നാഷണല്‍ ടീമുകളുണ്ട്. സ്‌പെയ്ന്‍, ഫ്രാന്‍സിന്റെ പേര് വീണ്ടും പറയണം, ഇംഗ്ലണ്ട്, ബ്രസീല്‍, ഏറെ കാലമായി അവര്‍ക്ക് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് ലോകകപ്പ് വീണ്ടും നേടണമെന്ന് ആഗ്രഹമുണ്ടാകും. ഇവര്‍ക്കൊപ്പം ജര്‍മനിയുടെ പേരും ഞാന്‍ പറയും,’ മെസി പറഞ്ഞു.

2026 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനികള്‍ അര്‍ജന്റീനയാണ്. കോണ്‍മെബോളില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന ലോകകപ്പിന് ടിക്കറ്റെടുത്തത്.

2022ല്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താന്‍ പോന്ന സ്‌ക്വാഡ് ഡെപ്തും കളി മികവും അര്‍ജന്റീനയ്‌ക്കൊപ്പമുണ്ട്. മെസിയുടെ അവസാന ലോകകപ്പായിരിക്കും 2026ലേത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമായ താരമെന്ന നേട്ടത്തിനൊപ്പം കിരീടത്തോടെ മെസിക്ക് വിടവാങ്ങല്‍ നല്‍കാനാകും ആല്‍ബിസെലസ്റ്റ്‌സ് ഒരുങ്ങുന്നത്.

2022 ലോകകപ്പുമായി അർജന്‍റീന. Photo: FIFA/x.com

മെസിയുടെ തെരഞ്ഞെടുത്ത മറ്റ് അഞ്ച് ടീമുകളില്‍ നാല് പേരും യുവേഫയില്‍ നിന്നുള്ളവരാണ്. ബ്രസീലാകട്ടെ കോണ്‍മെബോളില്‍ നിന്നും.

ബ്രസീലിന്റെ ഗംഭീര തിരിച്ചുവരവാണ് 2026 ലോകകപ്പില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ക്ലബ്ബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ കാര്‍ലോ ആന്‍സലോട്ടിയെന്ന മാസ്റ്റര്‍ ടാക്ടീഷ്യന്‍ എപ്രകാരം ബിഗ് ടൂര്‍ണമെന്റില്‍ കളത്തിലിറക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, മെസി മറ്റൊരു ഫൈനലിന്റെ മുന്നൊരുക്കത്തിലാണ്. എം.എല്‍.എസ് കപ്പിനാണ് മെസിയും സംഘവും തയ്യാറെടുക്കുന്നത്. മേജര്‍ ലീഗ് സോക്കറില്‍ ഇസ്റ്റേണ്‍ കോണ്‍ഫറന്‍സ് വിജയത്തോടെയാണ് മെസിപ്പട കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. വെസ്‌റ്റേണ്‍ കോണ്‍ഫറന്‍സിലെ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സാണ് എതിരാളികള്‍.

മെസിയുടെ എക്കാലത്തെയും മികച്ച എതിരാളികളിലൊരാളായ തോമസ് മുള്ളര്‍ വൈറ്റ് ക്യാപ്‌സിന്റെ ഭാഗമാണ്.

കിരീടം തേടി: Photo/mlssoccer.com

ഫൈനലില്‍ മയാമി vs വാന്‍കൂവര്‍ മത്സരത്തേക്കാള്‍, ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ തമ്മിലുള്ള സ്റ്റാര്‍ ബാറ്റിലിനായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും പലപ്പോഴായും ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 2020ല്‍ ബയേണ്‍ ബാഴ്സയെ 8-2ന് തകര്‍ത്തപ്പോള്‍ ഇരട്ടഗോളടിച്ച് തിളങ്ങിയതും 2014 ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് വിശ്വകിരീടം ചൂടിയതുമടക്കം ഏഴ് തവണ തോമസ് മുള്ളര്‍ മെസിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തവണ മാത്രമാണ് മെസിക്ക് മുള്ളറിനെ പരാജയപ്പെടുത്താന്‍ സാധിച്ചത്.

Content Highlight: Lionel Messi has selected six teams that are likely to win the 2026 World Cup.

We use cookies to give you the best possible experience. Learn more