| Saturday, 22nd August 2026, 8:39 pm

എതിരാളിയുടെ മേല്‍ കൈവെച്ചാല്‍ ശിക്ഷയെന്തെന്ന് മെസി അറിയും; നടപടി പ്രഖ്യാപിച്ച് എം.എല്‍.എസ്

ആദർശ് എം.കെ.

ഫിലാഡല്‍ഫിയ യൂണിയനെതിരായ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെ എതിര്‍ താരത്തെ അടിച്ച സംഭവത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ലീഗ് അധികൃതര്‍ പിഴ ശിക്ഷ വിധിച്ചു.

ഓഗസ്റ്റ് 20 വ്യാഴാഴ്ച 22 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ച പോരാട്ടത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, കളിക്കാരുടെ മുഖത്തോ തലയിലോ കഴുത്തിലോ കൈവെക്കുന്നത് വിലക്കുന്ന എം.എല്‍.എസ് നിയമം ലംഘിച്ചതിനാണ് ഇന്റര്‍ മയാമി നായകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഫിലാഡല്‍ഫിയ ഡിഫന്‍ഡര്‍ 22കാരനായ ക്വിന്‍ സള്ളിവനുമായി മെസി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സള്ളിവന്റെ കഴുത്തിന് പിന്നില്‍ അടിക്കുകയുമായിരുന്നു.

മൈതാനത്ത് കളിക്കാര്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടെ സള്ളിവന്റെ കഴുത്തില്‍ പിടിച്ചതിന് മെസിയുടെ സഹതാരം ഇയാന്‍ ഫ്രേയ്ക്കും സമാനമായ പിഴ ശിക്ഷ ലഭിച്ചിട്ടുണ്ട്.

നേരത്തെ നാഷ്‌വില്ലിനെതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് മെസി മഞ്ഞക്കാര്‍ഡ് വഴങ്ങിയിരുന്നു.

2026 ഫിഫ ലോകകപ്പിന് ശേഷവും, പിതാവ് ജോര്‍ജ് മെസ്സിയുടെ വേര്‍പാടിനു ശേഷവും ഇന്റര്‍ മിയാമിക്കായി ലയണല്‍ മെസ്സി നേടുന്ന ആദ്യ ലീഗ് ഗോളായിരുന്നു ഈ മത്സരത്തിലേത്. ആദ്യ പകുതിയുടെ 26ാം മിനിറ്റില്‍ മെസി നേടിയ ഗോളില്‍ മിയാമി 2-1 ന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ഫിലാഡല്‍ഫിയ മത്സരം സമനിലയിലാക്കി.

ലോകകപ്പിന് ശേഷം കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ടെങ്കിലും ഇന്റര്‍ മിയാമിയുടെ സമീപകാല ഫോം ആശങ്കയുണര്‍ത്തുന്നതാണ്.

ലോകകപ്പിന് ശേഷമുള്ള എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മയാമിക്ക് ജയിക്കാനായത്. ലീഗ്‌സ് കപ്പില്‍ മോണ്ടെറെ, ലിയോണ്‍ എന്നീ ടീമുകളോട് തോറ്റ് ഇന്റര്‍ മിയാമി പുറത്താവുകയും ചെയ്തിരുന്നു.

വരാനിരിക്കുന്ന അടുത്ത മത്സരത്തില്‍ ടൊറന്റോയെ നേരിടുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് മെസിയും സംഘവും.

Content Highlight: Lionel Messi has received an undisclosed fine from Major League Soccer

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more