ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ബ്രസീലിയന്‍ സൂപ്പര്‍ ക്ലബ്ബായ പാല്‍മീറസിനോട് സമനില വഴങ്ങിയിരുന്നു. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയാണ് പാല്‍മീറസ് മയാമിയെ സമനിലയില്‍ തളച്ചത്.
രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് മയാമി സമനില വഴങ്ങിയത്. 80ാം മിനിട്ടിന് ശേഷമാണ് പാല്‍മീറസ് രണ്ട് ഗോളും തിരിച്ചടിച്ചത്.
മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഗ്രൂപ്പ് എ-യില്‍ നിന്ന് നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനും മയാമിക്ക് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് മയാമി റൗണ്ട് ഓഫ് സിക്സ്റ്റീനിന് ടിക്കറ്റെടുത്തത്.
പാല്‍മീറസ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതായും അടുത്ത റൗണ്ടിന് യോഗ്യത നേടി. മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റാണ് പാല്‍മീറസിനുമുള്ളത്.
ഇതോടെ കരിയറില്‍ കാത്തുവെച്ച ഒരു ചരിത്ര നേട്ടം കൈമോശം വരാതെ കാക്കാനും മെസിക്ക് സാധിച്ചു. സീനിയര്‍ കരിയറില്‍ ഒറ്റ മേജര്‍ ടൂര്‍ണമെന്റിന്റെ പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. അര്‍ജന്റൈന്‍ ദേശീയ ടീമിനും ബാഴ്‌സലോണയ്ക്കുമൊപ്പം സ്വന്തമാക്കിയ ചരിത്ര നേട്ടം ഹെറോണ്‍സിനൊപ്പവും മെസി തുടരുകയാണ്.
മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമായാണ് മയാമി മുമ്പോട്ട് കുതിച്ചിരിക്കുന്നത്.
നോക്ക്ഔട്ട് മത്സരത്തില്‍ തന്റെ പഴയ ടീമായ പി.എസ്.ജിയെ ആണ് മയാമിക്ക് നേരിടാനുള്ളത്. എന്നാല്‍ മെസിയും നെയ്മറും എംബാപ്പെയും ലീഗ് വണ്‍ വിട്ടപ്പോഴുള്ള ടീമല്ല നിലവില്‍ പി.എസ്.ജി. യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ രാജാക്കന്‍മാരാണ് ലൂയീസ് എന്‌റിക്വിന്റെ കുട്ടികള്‍. ഗ്രൂപ്പ് ബി-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് പി.എസ്.ജി അടുത്ത റൗണ്ടിന് യോഗ്യത നേടിയിരിക്കുന്നത്.
ജൂണ്‍ 29നാണ് ഇന്റര്‍ മയാമി നോക്ക് ഔട്ടില്‍ പി.എസ്.ജിയെ നേരിടുന്നത്. മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയമാണ് വേദി.
റൗണ്ട് ഓഫ് സിക്‌സ്റ്റീനിലെ എട്ട് മത്സരത്തില്‍ നാലെണ്ണമാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടത്. ജൂലൈ രണ്ടോടെ റൗണ്ട് ഓഫ് സിക്‌സറ്റീന്‍ മത്സരങ്ങള്‍ അവസാനിക്കും.
ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്
ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം
ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം
ജൂണ്‍ 30: ഫ്‌ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം
ജൂലൈ 1: TBD vs TBD, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം
ജൂലൈ 1: TBD vs TBD, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം
ജൂലൈ 2: TBD vs TBD, ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം
ജൂലൈ 2: TBD vs TBD, മെഴ്‌സിഡെസ് ബെന്‍സ് സ്‌റ്റേഡിയം
Content Highlight: Lionel Messi has never been eliminated in the group stage of a major tournament.