വരാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സാധ്യതാപട്ടികയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പേരും ഉള്‍പ്പെടുത്തി അര്‍ജന്റീന. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെയുള്ള സാധ്യതാ പട്ടികയാണ് ടീം പുറത്തുവിട്ടിരിക്കുന്നത്.
ക്വാളിഫയറില്‍ 14 മത്സരത്തില്‍ നിന്നും 31 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ടാമതുള്ള ഇക്വഡോറിനേക്കാള്‍ (23 പോയിന്റ്) എട്ട് പോയിന്റിന്റെ വ്യക്തമായ ലീഡ് ലോക ചാമ്പ്യന്‍മാര്‍ക്കുണ്ട്.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ചിലിയെ നേരിടുന്ന ആല്‍ബിസെലസ്റ്റ്‌സ് ജൂണ്‍ പത്തിന് കൊളംബിയയെയും നേരിടും. സെപ്റ്റംബറില്‍ വെനസ്വലെ, ഇക്വഡോര്‍ എന്നിവരെയും അര്‍ജന്റീനയ്ക്ക് നേരിടാനുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് അര്‍ജന്റീന പുറത്തുവിട്ടത്. പരിശീലകന്‍ ലയണല്‍ സ്‌കലോണി തെരഞ്ഞെടുത്ത 28 അംഗങ്ങളുടെ സ്‌ക്വാഡാണ് അര്‍ജന്റീന പുറത്തുവിട്ടിരിക്കുന്നത്.
ലയണല്‍ മെസിക്ക് പുറമെ ലൗട്ടാരോ മാര്‍ട്ടീനസ്, ജൂലിയന്‍ അല്‍വാരസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാണ്.
അതേസമയം, അലഹാന്‍ഡ്രോ ഗര്‍ണാച്ചോ, സാന്റിയാഗോ കാസ്‌ട്രോ, ഫ്രാങ്കോ മസ്റ്റാന്റൗനോ തുടങ്ങിയ താരങ്ങള്‍ക്ക് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പരിക്കിന് പിന്നാലെ അര്‍ജന്റീനയുടെ കഴിഞ്ഞ രണ്ട് യോഗ്യതാ മത്സരത്തിലും മെസിക്ക് കളത്തിലിറങ്ങിയിരുന്നില്ല. ബ്രസീലിനും ഉറുഗ്വേക്കുമെതിരെയായിരുന്നു മത്സരങ്ങള്‍.
2024 നവംബര്‍ 19നാണ് മെസി അവസാനമായി അര്‍ജന്റീനക്കൊപ്പം കളത്തിലിറങ്ങിയത്. പെറുവിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലോക ചാമ്പ്യന്‍മാര്‍ വിജയിച്ചിരുന്നു. മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് ഗോള്‍ കണ്ടെത്തിയത്.
അതേസമയം, മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി പതറുമ്പോഴും മികച്ച പ്രകടനവുമായി ലയണല്‍ മെസി തിളങ്ങുന്നുണ്ട്. വിവിധ കോംപറ്റീഷനുകളിലായി 15 മത്സരങ്ങളില്‍ മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയ മെസി പത്ത് ഗോള്‍ നേടുകയും മൂന്ന് ഗോള്‍ അടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ എം.എല്‍.എസ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് മയാമി. 12 മത്സരത്തില്‍ നിന്നും 22 പോയിന്റാണ് ടീമിനുള്ളത്. അവസാന മത്സരത്തില്‍ സാന്‍ ഹോസെയ്‌ക്കെതിരെ മൂന്ന് ഗോളിന്റെ സമനില ടീം വഴങ്ങിയിരുന്നു.
28 പോയിന്റുമായി സിന്‍സിനാറ്റിയാണ് ഒന്നാമത്. ഫിലാഡല്‍ഫിയ യൂണിയന്‍ (26), കൊളംബസ് ക്രൂ (26), നാഷ്‌വില്‍ എസ്.സി (23) എന്നിവരാണ് മയാമിക്ക് മുമ്പിലുള്ള മറ്റ് ടീമുകള്‍.
മെയ് 19നാണ് മയാമിലുടെ അടുത്ത മത്സരം. ചെയ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓര്‍ലാന്‍ഡോ സിറ്റിയാണ് എതിരാളികള്‍.
Content Highlight: Lionel Messi has been included in Argentina’s probable squad for the 2026 FIFA World Cup qualifiers.