സമകാലിക ഫുട്‌ബോളിലെ അതികായരാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഒരു കാലത്ത് യൂറോപ്യന്‍ ഫുട്‌ബോള്‍ അടക്കി വാണിരുന്ന ഇവര്‍ ഇപ്പോള്‍ ലോകത്തിന്റെ ഇരു കോണിലാണ്. മെസി അമേരിക്കയിലെ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി പന്ത് തട്ടുമ്പോള്‍ റോണോ സൗദിയിലെ അല്‍ നസറിനൊപ്പമാണ്.
ക്ലബ്ബ് ഫുട്‌ബോളിന്റെ ചരിത്രമെടുത്ത് നോക്കുമ്പോള്‍ ഗോളിലും കിരീട നേട്ടത്തിലും ഇവരെ വെല്ലാന്‍ ലോക ഫുട്‌ബോളില്‍ താരങ്ങള്‍ വിരളമാണ്. ഇവരില്‍ കിരീട നേട്ടത്തില്‍ മുന്നിലുള്ളത് മെസിയാണ്. അര്‍ജന്റൈന്‍ ഇതിഹാസം വിവിധ ക്ലബ്ബുകള്‍ക്കൊപ്പം 40 കപ്പുകള്‍ സ്വന്തം പേരില്‍ എഴുതിയിട്ടുണ്ട്.
ബാഴ്സലോണയ്ക്കൊപ്പം താരം 35 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നണ്ണം പി.എസ്.ജിക്കൊപ്പം നേടിയപ്പോള്‍ രണ്ട് കപ്പുകള്‍ നിലവിലെ ക്ലബ്ബായായ മയാമിക്കൊപ്പമാണ് മെസി കൈപ്പിടിയിലൊതുക്കിയത്.
റൊണാള്‍ഡോയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. താരത്തിന് ക്ലബ് കരിയറില്‍ 32 കപ്പുകളുണ്ട്. നാല് ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയാണ് താരം ഇത്രയും കിരീടങ്ങള്‍ ഷെല്‍ഫിലെത്തിച്ചത്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനൊപ്പം 10 കിരീടനേട്ടത്തില്‍ താരം പങ്കാളിയായിട്ടുണ്ട്.
പോര്‍ച്ചുഗല്‍ ഇതിഹാസം ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയത് റയല്‍ മാഡ്രിഡിനൊപ്പമാണ്. 15 എണ്ണമാണ് ലോസ് ബ്ലാങ്കോസിനായി കളിച്ച് നേടിയത്. ബാക്കിയുള്ളവയില്‍ അഞ്ചെണ്ണം യുവന്റസിനായി കളത്തില്‍ ഇറങ്ങിയാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. മറ്റ് രണ്ട് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത് നിലവിലെ ക്ലബ്ബായ അല്‍ നസറിനൊപ്പവും കുട്ടിക്കാല ക്ലബ്ബായ സ്‌പോര്‍ട്ടിങ് സി.പിക്കൊപ്പവുമാണ്.
പക്ഷേ, ഇപ്പോള്‍ ഒരു കിരീടത്തിനായി ഇരുവരുടെയും കാത്തിരിപ്പ് നീളുകയാണ്. അര്‍ജന്റൈന്‍ ഇതിഹാസം ഒരു കിരീടം നേടിയിട്ട് 329 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. റൊണാള്‍ഡോയാകട്ടെ 729 ദിവസവും! ഇന്റര്‍ മയാമിക്കൊപ്പം 2024ല്‍ സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് നേടിയതാണ് അവസാന കിരീടനേട്ടം.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം അവസാനമായി ഒരു ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്നത് അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് നേടിയാണ്. അതാണെങ്കില്‍ നേടിയത് 2023 ഓഗസ്റ്റിലുമാണ്. പിന്നീട് ഒരിക്കലും ഇരുവര്‍ക്കും ക്ലബ് കരിയറില്‍ ഒരു കിരീടം ചേര്‍ക്കാനായില്ല. പലപ്പോഴും റോണോ കിരീടത്തിനോടടുത്ത് കാലിടറി വീണു.
റൊണാള്‍ഡോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ കൂടി ഒരു കിരീടം കപ്പിനും ചുണ്ടിമിടയില്‍ കൈവിട്ടു. സൗദി സൂപ്പര്‍ കപ്പില്‍ അല്‍ ആഹ്ലിയ്ക്ക് മുമ്പില്‍ അടിയറവ് പറയുകയായിരുന്നു. നിശ്ചിത സമയത്തില്‍ ഇരുവരും രണ്ട് ഗോള്‍ അടിച്ച് സമനിലയില്‍ ആയതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടിരുന്നു. ഇതില്‍ അഞ്ച് പന്തുകള്‍ വലയിലെത്തിച്ച് അല്‍ അഹ്‌ലി കിരീടം സ്വന്തമാക്കുകയായിരുന്നു.
അതേസമയം, മെസിക്ക് മറ്റൊരു കിരീടം നേടാന്‍ ഒരു സുവര്‍ണാവസരമാണ് മുന്നിലുള്ളത്. താരത്തിന്റെ ക്ലബ്ബായ ഇന്റര്‍ മയാമി ലീഗ്സ് കപ്പ് ഫൈനലില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 31നാണ് ഈ മത്സരം അരങ്ങേറുക. ഇതില്‍ രണ്ടാമതും മുത്തമിടാനായാല്‍ ഒരു വര്‍ഷത്തിനടുത്ത് കിരീടമില്ലെന്ന നാണക്കേടില്‍ നിന്ന് മെസിക്ക് ആദ്യം പുറത്ത് വരാന്‍ കഴിയും.
Content Highlight: Lionel Messi has 329 days and Cristiano Ronaldo has 729 days since they won last a trophy in Club Football