| Monday, 30th June 2025, 9:16 am

ഇത്തവണ കളിക്കാതിരുന്നിട്ടും ക്ലബ്ബ് ലോകകപ്പിന്റെ രാജാവ് റൊണാള്‍ഡോ തന്നെ; തോല്‍പിക്കാനാകാതെ പോരാട്ടം അവസാനിപ്പിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ റൗണ്ട് ഓഫ് സിക്സ്റ്റിന്‍ പോരാട്ടത്തില്‍ പി.എസ്.ജിയോട് പരാജയപ്പെട്ട് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ മയാമിയെ തകര്‍ത്തുവിട്ടത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജാവോ നെവസിന്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അഷ്റഫ് ഹാക്കിമിയും പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തി. തോമസ് അവിലസിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിക്ക് തുണയായി.

മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒരു ചരിത്ര നേട്ടം മെസിയുടെ കയ്യകലത്തില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുകയാണ്. ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് മെസിക്ക് നഷ്ടമായത്.

പി.എസ്.ജിക്കെതിരെ ഒറ്റ ഗോള്‍ കണ്ടെത്തിരുന്നെങ്കില്‍ മെസിക്ക് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റിയാനോക്കൊപ്പമെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മത്സരത്തില്‍ മെസിക്കോ മയാമിക്കോ ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം

(താരം – ഗോള്‍ എന്നീ ക്രമത്തില്‍)

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 7

ലയണല്‍ മെസി – 6

കരീം ബെന്‍സെമ – 6

ഗാരെത് ബെയ്ല്‍ – 6

സീസര്‍ സെല്‍ഗാഡോ – 5

അതേസമയം, മയാമിക്കെതിരായ മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ പി.എസ്.ജി ആദ്യ ഗോള്‍ നേടിയിരുന്നു. ബോക്സിന് വെളിയില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ടീം എഫേര്‍ട്ടിലൂടെ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ വലയിലെത്തിച്ചു. വിറ്റിന്‍ഹയെടുത്ത കിക്കില്‍ കൃത്യമായി തലവെച്ച നെവെസ് പി.എസ്.ജിയെ മുമ്പിലെത്തിച്ചു. 39ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരം തന്റെ രണ്ടാം ഗോളും കണ്ടെത്തി.

ആദ്യ പകുതി അവസാനത്തോട് അടുക്കവെ ഹെറോണ്‍സിന്റെ നെഞ്ചില്‍ ഇടിത്തീവെട്ടി മൂന്നാം ഗോള്‍ പിറന്നു, അതാകട്ടെ സെല്‍ഫ് ഗോളും. മയാമി പോസ്റ്റിന് മുമ്പില്‍ ഭീഷണിയുമായി പി.എസ്.ജി നടത്തിയ കുതിപ്പ് വിഫലമാക്കാന്‍ ശ്രമിക്കവെ തോമസ് അവിലസിന് പിഴയ്ക്കുകയും പി.എസ്.ജിയുടെ പേരില്‍ മൂന്നാം ഗോള്‍ കുറിക്കപ്പെടുകയുമായിരുന്നു.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ സൂപ്പര്‍ താരം അഷ്റഫ് ഹാക്കിമി കൂടി ഗോള്‍ കണ്ടെത്തിയതോടെ നാല് ഗോളിന്റെ ലീഡുമായി പി.എസ്.ജി മത്സരത്തില്‍ ആധിപത്യം നേടി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ 4-0ന് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റെടുത്തു.

ജൂലൈ അഞ്ചിനാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍.

Content Highlight: Lionel Messi failed to surpass Cristiano Ronaldo in the record of most goals in Club World Cup

We use cookies to give you the best possible experience. Learn more