| Saturday, 18th July 2026, 2:42 pm

കളത്തിലിറങ്ങിയാല്‍ റെക്കോഡ്; കിരീട പോരില്‍ ചരിത്രമെഴുതാന്‍ മിശിഹ

സുദേവ് എ

2026 ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ് അര്‍ജന്റീനയും സ്പെയ്നും. അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തീ പാറുന്ന പോരാട്ടമായിരിക്കും ഫുട്ബോള്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് പല ഫുട്ബോള്‍ അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.

ജൂലൈ 20നാണ് 2026ലെ ഫിഫ മാമാങ്കത്തിന്റെ കലാശക്കൊട്ട്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

അതേസമയം സ്പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്പെയ്ന്‍ കണ്ണുവെക്കുക.

ഫൈനലില്‍ കളത്തിലിറങ്ങിയാല്‍ ഒരു ചരിത്ര നേട്ടമാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ കാത്തിരിക്കുന്നത്. ലോകകപ്പില്‍ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട് ഫീല്‍ഡ്(ഗോള്‍കീപ്പര്‍ ഒഴികെയുള്ള പൊസിഷനില്‍ കളിക്കുന്ന താരം) താരമായി മാറും. 39 വയസും 29 ദിവസവും പ്രായമുള്ളപ്പോഴാണ് മെസിയുടെ പേരില്‍ ഈ നേട്ടം കുറിക്കപ്പെടുക.

ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം മുന്‍ ഇറ്റാലിയന്‍ താരം ഡിനോ സോഫാണ്. 1982ല്‍ വെസ്റ്റ് ജര്‍മനിക്കെതിരെ 40 വയസും 133 ദിവസവും പ്രായമുള്ളപ്പോഴാണ് ഡിനോ ലോകകപ്പിന്റെ കലാശപ്പോരിനിറങ്ങിയത്. എന്നാല്‍ മുന്‍ ഇറ്റാലിയന്‍ താരം ഗോള്‍ കീപ്പറായിരുന്നു.

അതേസമയം ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കാനും മെസിക്ക് സാധിച്ചിരുന്നു.

Content Highlight: Lionel Messi eying on a new record in world cup final

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more