ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഒരിക്കലും പഴകാത്ത പേരുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കാലമെത്ര കഴിഞ്ഞാലും പുതിയ താരങ്ങള്‍ സ്‌പോട്ട്‌ലൈറ്റിലെത്തിയാലും ഇരുവരും കാല്‍പന്ത് പ്രേമികളുടെ മനസ് അടക്കി വാഴും. പ്രായം 40കളില്‍ എത്തിയിട്ടും ഇരുവരും കളിക്കളത്തില്‍ തീര്‍ക്കുന്ന മായാജാലം തന്നെയാണ് അതിന് കാരണം.
ഈ മികവ് ഇരുവരെയും ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവരായി നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയ മെസിയെയും റോണോയെയും പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ വിരളമായിരിക്കും. രണ്ട് പേരുടെയും കളിയെ അംഗീകരിക്കുമ്പോള്‍ തന്നെ ആരാണ് മികച്ചതെന്ന ചോദ്യം പലപ്പോഴും ആരാധകരെ ഇരു ചേരിയിലാക്കാറുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. Photo: x.com
ഒരു കൂട്ടര്‍ മെസിയെന്ന് പറയുമ്പോള്‍ മറ്റൊരു വിഭാഗത്തിന് റോണോയെന്നാണ് ഉത്തരം. ഇരുവരും ഒരുപോലെ മികച്ച താരങ്ങള്‍ എന്ന് വിലയിരുത്തുന്നവരും കുറവല്ല. ഇങ്ങനെ ആരാധകര്‍ ഇവരുടെ പേരില്‍ ഇരുധ്രുവങ്ങളില്‍ ആകുമ്പോള്‍ എങ്ങനെയാണ് മെസിയും റൊണാള്‍ഡോയും പരസ്പരം കാണാറുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുവരും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരിക്കല്‍ മെസിയും റൊണാള്‍ഡോയും തന്നെ നല്‍കിയിട്ടുണ്ട്. 2025 ക്ലബ് വേള്‍ഡ് കപ്പിനിടെയാണ് തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇവര്‍ സംസാരിച്ചത്. പരസ്പരം ബഹുമാനിക്കുന്നുവെന്നാണ് മെസിയും റൊണാള്‍ഡോയും ഒരുപോലെ പറഞ്ഞത്.
തങ്ങള്‍ ഇരുവരും മൈതാനത്ത് എതിരാളികള്‍ ആണെങ്കിലും തനിക്ക് മെസിയോട് സ്‌നേഹമുണ്ട് എന്നായിരുന്നു റോണോയുടെ പ്രതികരണം. മെസി തന്നെയും ബഹുമാനിച്ചിരുന്നുവെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. നേഷന്‍സ് ലീഗ് ഫൈനലിന് ശേഷമായിരുന്നു പോര്‍ച്ചുഗല്‍ ഇതിഹാസം ഇക്കാര്യം സംസാരിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: TCR/x.com
‘ഞങ്ങള്‍ വര്‍ഷങ്ങളോളം എതിരാളികളായിരുന്നു. എങ്കിലും എനിക്ക് അദ്ദേഹത്തിനോട് വലിയ സ്‌നേഹമുണ്ട്. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ 15 വര്‍ഷങ്ങളോളം ഞങ്ങള്‍ ഫുട്‌ബോളില്‍ ഒരുമിച്ച് കളിച്ചു. ഞാന്‍ അവാര്‍ഡ് നിശകളില്‍ മെസിയ്ക്ക് പരിഭാഷപ്പെടുത്തി നല്‍കിയിട്ടുണ്ട്. അദ്ദേഹം എന്നെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അതിനാല്‍ തന്നെ എനിക്ക് തിരിച്ച് അദ്ദേഹത്തിനോട് വലിയ ഇഷ്ടമുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് തനിക്ക് ബഹുമാനമുണ്ടെന്നും ഒരുമിച്ച് കളിച്ചിട്ടില്ലാത്തതിനാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ അല്ലെന്നുമായിരുന്നു മെസിയുടെ വാക്കുകള്‍. പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ കരിയറിനോട് തനിക്ക് വളരെയധികം ബഹുമാനവും ആരാധനയുമുണ്ടെന്നും തങ്ങള്‍ തമ്മിലുള്ള മത്സരമെല്ലാം മൈതാനത്തായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡിസ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ലയണൽ മെസി. Photo: InterMiami/x.com
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപ്പോഴും ഉയര്‍ന്ന മികച്ച ഫുട്‌ബോളാണ് കളിക്കുന്നതിനാല്‍ തന്നെ എനിക്ക് അദ്ദേഹത്തിനോടും താരത്തിന്റെ കരിയറിനോടും ബഹുമാനവും ആരാധനയുമുണ്ട്. ഞങ്ങളുടെ മത്സരം എന്നും മൈതാനത്തായിരുന്നു. ഞങ്ങള്‍ ടീമിന് വേണ്ടി പരമാവധി ചെയ്യാനാണ് ആഗ്രഹിച്ചത്. അതിനാല്‍ തന്നെ എല്ലാം പിച്ചിലായിരുന്നു.
എന്നാല്‍, പിച്ചിന് പുറത്ത് ഞങ്ങള്‍ രണ്ട് സാധാരണക്കാരാണ്. ഞാനും റൊണാള്‍ഡോയും ഇതുവരെ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടില്ല. അതുകൊണ്ട് സുഹൃത്തുക്കളല്ല. എന്നിരുന്നാലും ഞങ്ങള്‍ വളരെയധികം ബഹുമാനത്തോടെയാണ് പരസ്പരം പെരുമാറിയിരുന്നത്,’ മെസി പറഞ്ഞു.
Content Highlight: Lionel Messi and Cristiano Ronaldo revealed once they have mutual respect and affection