2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ മെസി ഈ മത്സരത്തില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയാണ് തന്റെ ഫോം തുടരുന്നത്. മത്സരത്തിന്റെ 38ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും സ്വന്തമാക്കി മെസി അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി.
മത്സരത്തിലെ ഹീറോയായെങ്കിലും ഒരു മോശം നേട്ടവും മെസി സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. എട്ടാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിനെ ബോസ്‌കില്‍ വീഴ്ത്തിയതിനായിരുന്നു അര്‍ജന്റീനക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ ആരാധകരെ നിരാശരാക്കി മെസി പെനാല്‍റ്റി പുറത്തേക്ക് അടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമായാണ് മെസി മാറിയത്. ലോകകപ്പില്‍ ഏഴ് പെനാല്‍റ്റിയാണ് മെസിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ആറ് തവണ പെനാല്‍റ്റി ലഭിച്ച ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നിനെ മറികടന്നുകൊണ്ടാണ് ഏറ്റവും കൂടുതല്‍ പെനാല്‍റ്റികള്‍ സ്വന്തമാക്കുന്ന താരമായി മെസി മാറിയത്.
ഈ ഏഴ് പെനാല്‍റ്റികളില്‍ മൂന്ന് പെനാല്‍റ്റിയും മെസി പാഴാക്കി. തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളിലും പെനാല്‍റ്റി നഷ്ടപ്പെടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് മെസി. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഐസ്ലാന്‍ഡിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസി 2022 ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെതിരെയും പെനാല്‍റ്റി പാഴാക്കി കളഞ്ഞു. ഇപ്പോള്‍ ഈ ലോകകപ്പിലും പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെയാണ് ഈ മോശം റെക്കോഡിന്റെ ഉടമയായി മെസി മാറിയത്.
അതേസമയം മത്സരത്തില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ഒരു ലോക റെക്കോഡും മെസി കൈപ്പിടിയിലാക്കി. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരമായാണ് മെസി മാറിയത്. ലോകകപ്പില്‍ 18 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചാണ് മെസി തലപ്പെത്തിയത്. 16 ഗോളുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് മെസിയുടെ കുതിപ്പ്.
ജൂണ്‍ 28നാണ് നിലവിലെ ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈ ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് തന്നെ അഞ്ച് ഗോളുകള്‍ നേടിയ മെസിയുടെ ഗോള്‍വേട്ട വരാനിരിക്കുന്ന മത്സരങ്ങളിലും ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Lionel Messi create a unwanted record in world cup