2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്പെയ്ന്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയ്ന്‍ പരാജയപ്പെടുത്തിയത്.
ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്പെയ്നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
ആറാം ലോകകപ്പിനിറങ്ങിയ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ രണ്ടാം ലോകകപ്പെന്ന സ്വപ്നം കണ്ണീരോടെയാണ് അവസാനിച്ചത്. 2022 ഖത്തര്‍ ലോകകപ്പില്‍ നേടിയ കിരീട നേട്ടം അമേരിക്കന്‍ മണ്ണില്‍ അവര്‍ത്തിക്കാനിറങ്ങിയ മെസിക്കും സംഘത്തിനും പിഴക്കുകയായിരുന്നു.
ഈ ലോകകപ്പ് ഫൈനലില്‍ കൂടി ലയണല്‍ മെസി പരാജയപ്പെട്ടതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു നിര്‍ഭാഗ്യ നേട്ടമാണ് മെസിയെ തേടിയെത്തിയത്. രണ്ട് വ്യത്യസ്ത ഫൈനലുകളില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ക്യാപ്റ്റനായാണ് മെസി മാറിയത്.
2014 ബ്രസീലിയന്‍ ലോകകപ്പ് ഫൈനലിലും മെസി പരാജയപ്പെട്ടിരുന്നു. അന്ന് ജര്‍മനിയോടാണ് മെസിയും അര്‍ജന്റീനയും പരാജയപ്പെട്ടത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് ഫൈനലില്‍ കൂടി തോല്‍വി നേരിട്ടതോടെയാണ് മെസി ഈ നിര്‍ഭാഗ്യ നേട്ടത്തിന്റെ ഉടമയായത്.
ക്യാപ്റ്റനായി രണ്ട് ലോകകപ്പുകളില്‍ പരാജയപ്പെടുന്ന ആദ്യ താരം വെസ്റ്റ് ജര്‍മനിയുടെ കാള്‍ ഹെയിന്‍സ് റുമ്മെനിഗെയാണ്. 1982ലാണ് റുമ്മെനിഗെ ആദ്യമായി പരാജയപ്പെടുന്നത്. ഇറ്റലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ജര്‍മനിയെ വീഴ്ത്തിയത്. 1986ല്‍ അര്‍ജന്റീനയോട് 3-2നും റുമ്മെനിഗെ തോല്‍വി നേരിട്ടു.
അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അര്‍ജന്റീനക്കെതിരെ തുടക്കം മുതല്‍ സര്‍വാധിപത്യം പുലര്‍ത്തിയ സ്പെയിനിന് ഫിനിഷിങ്ങിലെ പോരായ്മ മൂലമാണ് നിശ്ചിത സമയത്തില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതെ പോയത്.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു സ്പെയ്നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്സ്ട്രാ ടൈമില്‍ 10 ആളുകളുമായാണ് ലയണല്‍ മെസിയും സംഘവും പന്തുതട്ടിയത്.
Content Highlight: Lionel Messi create a unwanted record in world cup