2026 ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്. അറ്റ്ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്.
മത്സരത്തില്‍ 13ാം മിനിട്ടില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഈജിപ്ത് ഗോള്‍ നേടി. യാസിര്‍ ഇബ്രാഹിമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. പിന്നീട് 67ാം മിനിട്ടില്‍ മുസ്തഫ സീക്കോയുടെ ഗോളിലൂടെ ഈജിപ്ത് വീണ്ടും ലീഡ് നേടി. മത്സരത്തിന്റെ 79ാം മിനിട്ടില്‍ ക്രിസ്ത്യന്‍ റൊമേറോയുടെ ഗോളിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ അസിസ്റ്റിലാണ് താരം ഗോള്‍ നേടിയത്.
ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ഒപ്പം പിടിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനക്ക് വേണ്ടി വിജയഗോള്‍ നേടുകയായിരുന്നു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് എന്‍സോയുടെ ഗോള്‍ നേട്ടം.
മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ മെസി ആറ് ലോകകപ്പില്‍ അസിസ്റ്റ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും മാറി. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളില്‍ സഹതാരങ്ങള്‍ കൊണ്ട് ഗോളടിപ്പിച്ച മെസി ഈ ലോകകപ്പിലും അസിസ്റ്റ് നേട്ടം അവര്‍ത്തിച്ചതോടെയാണ് മറ്റൊരു താരത്തിനും നേടാനാവാത്ത റെക്കോഡ് മെസി കൈപ്പിടിയിലാക്കിയത്.
ഈ ലോകകപ്പില്‍ ഏട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് റെയ്സില്‍ മെസി കുതിക്കുകയാണ് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും നോര്‍വേയുടെ എര്‍ളിങ് ഹാലന്‍ഡും ഏഴ് ഗോളുകളുമായി മെസിക്ക് തൊട്ടരികിലുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നോടുന്ന താരമെന്ന നേട്ടത്തില്‍ വമ്പന്‍ കുതിപ്പാണ് മെസി നടത്തുന്നത് (21 ഗോള്‍).
അതേസമയം ജൂലൈ 12ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെയാണ് അര്‍ജന്റീന നേരിടുക. കൊളംബിയയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തിയാണ് സ്വിസ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
Content Highlight: Lionel Messi create a new record in world cup