| Sunday, 23rd August 2026, 8:24 am

ലോകത്തിലെ ആദ്യ താരം; കണ്ണീരിലും ചരിത്രം സൃഷ്ടിച്ച് മെസി

സുദേവ് എ

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വീണ്ടും തോല്‍വി. ടൊറോന്റോ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയാമി പരാജയം ഏറ്റുവാങ്ങിയത്. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിന്റെ 59ാം മിനിട്ടില്‍ ജോഷ് സാര്‍ജന്റലിലൂടെ ടൊറോന്റോ എഫ്.സിയാണ് ആദ്യം ലീഡ് നേടിയത്.

ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ 62ാം മിനിട്ടില്‍ ഡെറിക് എറ്റിയെന്‍ ജൂനിയറിലൂടെ രണ്ടാം ഗോളും നേടി ടൊറോന്റോ എഫ്.സി മയാമിയെ പരാജയത്തിലേക്ക് തള്ളിവിട്ടു.

നായകന്‍ ലയണല്‍ മെസിയാണ് മയാമിക്കായി ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്റെ 82ാം മിനിട്ടിലാണ് മെസിയുടെ ഗോള്‍ പിറന്നത്. ഈ ഗോളോടെ ഈ വര്‍ഷത്തില്‍ 40 ഗോള്‍ കോണ്ട്രിബൂഷന്‍സ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.

ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി 20 വര്‍ഷങ്ങളില്‍ 40 ഗോള്‍ കോണ്ട്രിബൂഷന്‍സ് നേടുന്ന ആദ്യ താരമായും മെസി മാറി. 2007 മുതല്‍ ഈ വര്‍ഷം വരെ എല്ലാ സീസണിലും മെസി ഈ നേട്ടം ആവര്‍ത്തിച്ചു.

തുടര്‍ച്ചയായി 12 വര്‍ഷത്തില്‍ കൂടുതല്‍ മറ്റൊരു താരത്തിനും ഇത്തരത്തിലൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

പിതാവിന്റെ വേര്‍പാടിന് ശേഷം കളിക്കളത്തില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പോയ മെസി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോളടിച്ചുകൊണ്ട് പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

നിലവില്‍ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 923 ആക്കി ഉയര്‍ത്തിയിരിക്കുകയാണ് മെസി. 73 ഗോളുകള്‍ കൂടി നേടിയാല്‍ ആയിരം ഗോളുകളെന്ന നാഴികക്കല്ലിലേക്കും മെസിക്ക് നടന്നുകയറാന്‍ സാധിക്കും.

അതേസമയം നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 21 മത്സരങ്ങളില്‍ നിന്നും 11 വിജയവും ആറ് സമനിലയും നാല് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.

എം.എല്‍.എസില്‍ ഓഗസ്റ്റ് 30നാണ് മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. മോണ്‍ഡ്രിയല്‍ എഫ്.സിയാണ് മയാമിയുടെ എതിരാളികള്‍.

Content Highlight: Lionel Messi create a new record in football

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more