| Saturday, 4th July 2026, 8:45 am

ലോകത്തിലെ ആദ്യ താരം; അമ്പരിപ്പിക്കുന്ന ചരിത്രം സൃഷ്ടിച്ച് മെസി

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെയെ വീഴ്ത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ വിറച്ചെങ്കിലും അര്‍ജന്റീന ജയിച്ചു കയറുകയായിരുന്നു.

മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി ഒരു ഗോൾ നേടി മിന്നും പ്രകടനം നടത്തിയ നായകന്‍ ലയണല്‍ മെസി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. മത്സരം തുടങ്ങി. 29ാം മിനിട്ടില്‍ മെസിയാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. ഈ ലോകകപ്പിലെ തന്റെ ഏഴാം ഗോള്‍ നേടിയ മെസി ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 20 ആക്കി ഉയര്‍ത്തുകയും ചെയ്തു.

റൗണ്ട് ഓഫ് 32ലും ഗോള്‍ നേടിയതോടെ മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത റെക്കോഡിലേക്കാണ് മെസി നടന്നുകയറിയത്. ടൂര്‍ണമെന്റിന്റെ എല്ലാ ഘട്ടങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്.

ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ തുടങ്ങി ലോകകപ്പിന്റെ എല്ലാ സ്റ്റേജുകളിലും അര്‍ജന്റൈന്‍ നായകന്‍ ഗോള്‍ നേടിയിട്ടുണ്ട്.

ലയണൽ മെസി. Photo: Sudanalytics/x.com

അതേസമയം മത്സരത്തില്‍ മെസിയുടെ ഗോളില്‍ ആദ്യ പകുതി സ്വന്തമാക്കിയ അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്.

പിന്നാലെ അര്‍ജന്റീന ശക്തമായ മുന്നേറ്റങ്ങളുമായി കേപ്പ് വെര്‍ദെയുടെ ബോക്‌സിലെത്തിയെങ്കിലും വൊസീഞ്ഞ മികച്ച സേവുകള്‍ നടത്തി കളം നിറഞ്ഞു. ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്‌സ്ട്രാ ടൈമില്‍ രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീന മുന്നിലെത്തിച്ചത്. എന്നാല്‍ 103ാം മിനിട്ടില്‍ സിഡ്‌നി ലോപ്‌സ് കാബ്രലാണ് കേപ്പ് വെര്‍ദെക്കായി ഗോള്‍ നേടിയത്.

എന്നാല്‍ 111ാം മിനിട്ടില്‍ ഡിനെയുടെ ഓണ്‍ ഗോളിലൂടെ കേപ്പ് വെര്‍ദെക്കെതിരെ അര്‍ജന്റീന മുന്നിലെത്തി. ശേഷിക്കുന്ന സമയത്തും ഇരുടീമുകളും ആക്രമണങ്ങളുമായി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന വിജയം പിടിച്ചെടുത്തു.

ജൂലൈ ഏഴിനാണ് ലയണല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈജിപ്തിനെയാണ് അര്‍ജന്റീന നേരിടുക.

Content Highlight: Lionel Messi create a new history in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more