മേജർ ലീഗ് സോക്കറിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്റർ മയാമി. ഡി.സി യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി തകർത്തത്. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെയും ഉറുഗ്വേൻ സൂപ്പർതാരം ലൂയി സുവാരത്തിന്റെയും ഇരട്ട ഗോൾ കരുത്തിലാണ് മയാമിയുടെ മിന്നും ജയം.
ഇന്റർനാഷണൽ ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി അവസാന മത്സരം കളിച്ച് പടിയിറങ്ങിയതന് ശേഷം മെസി കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചാലും ക്ലബ്ബ് ഫുട്ബോളിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി മെസി കുതിക്കുകയാണ്.
ഈ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ മയാമിക്ക് വേണ്ടി ഈ സീസണിലെ തന്റെ ഗോൾ പങ്കാളിത്തം 36 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. ഇതോടെ മേജർ ലീഗ് സോക്കറിൽ ഒരു താരത്തിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കാണ് മെസി നടന്നുകയറിയത്.
തുടർച്ചയായ മൂന്ന് എം.എൽ.എസ് സീസണുകളിൽ 35+ ഗോൾ കോണ്ട്രിബൂഷൻസ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് മെസി മാറിയത്. 2024 സീസണിൽ 36 ഗോൾ ഗോൾ പങ്കാളിത്തങ്ങൾ മയാമിക്ക് വേണ്ടി സംഭാവന ചെയ്ത മെസി തൊട്ടടുത്ത സീസണിൽ 48 ഗോൾ കോണ്ട്രിബൂഷൻസുമായി തിളങ്ങി. ഈ സീസണിലും മിന്നും ഫോമിൽ കളിക്കുന്ന മെസി 35 കടന്നതോടെയാണ് ഈ ചരിത്ര നേട്ടം കൈപ്പിടിയിലാക്കിയത്.
അടുത്തിടെയാണ് നീണ്ട 21 വർഷത്തെ അർജന്റീനക്കൊപ്പമുള്ള ഐതിഹാസിക യാത്ര അവിസ്മരണനീയമായി മെസി പടിയിറങ്ങിയത്. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്. വിരമിച്ചെങ്കിലും മയാമിക്ക് വേണ്ടിയും മെസിയുടെ ഇടംകാലിൽ നിന്നും വീണ്ടും അത്ഭുതങ്ങൾ പിറന്നതിന്റെ ആവേശത്തിലുമാണ് ആരാധകർ.
അതേസമയം നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. 28 മത്സരങ്ങളിൽ നിന്നും 13 വിജയം 10 സമനിലയും അഞ്ച് തോൽവിയും അടക്കം 49 പോയിന്റാണ് മയാമിക്കുള്ളത്. 60 പോയിന്റുമായി നാഷ്വിൽ എഫ്.സിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
മേജർ ലീഗ് സോക്കറിൽ ഒക്ടോബർ 15നാണ് മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോർക്ക് സിറ്റിയാണ് മയാമിയുടെ എതിരാളികൾ.
Content Highlight: Lionel Messi create a new history in MLS