| Sunday, 12th July 2026, 10:31 am

ലോകത്തിലെ ആദ്യ താരം; പുതിയ ചരിത്രം സൃഷ്‌ടിച്ച് മെസി

സുദേവ് എ

2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. കാൻസാസ് സിറ്റിയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീന ആദ്യ നാലിൽ ഇടം പിടിച്ചത്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ഇരട്ട ഗോളടിച്ചാണ് അർജന്റീന വിജയിച്ചുകയറിയത്.

ഈ മത്സരത്തിലും അർജന്റീനക്കായി നായകൻ ലയണൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലെ അർജന്റീനയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു. മെസിയെടുത്ത കോർണർ കിക്കിലൂടെ മാക് അലിസ്റ്റർ ഒരു തകർപ്പൻ ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

ഈ ലോകകപ്പിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾവേട്ട തുടർന്നെത്തിയ മെസി ഈ മത്സരത്തിൽ മാത്രമാണ് എതിരാളികളുടെ വലയിൽ പന്തെത്തിക്കാതിരുന്നത്. ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും ഒരു അസിസ്റ്റ് നേടി തിളങ്ങിയ മെസി ഒരു പുതിയ റെക്കോഡും തന്റെ പേരിലാക്കി മാറ്റി. ലോകകപ്പിന്റെ ചരിത്രത്തിൽ 10 അസിസ്റ്റുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.

ഈ ലോകകപ്പിൽ രണ്ട് അസിസ്റ്റുകളാണ് മെസി നേടിയിട്ടുള്ളത്. തന്റെ ആറാം ലോകകപ്പ് കളിക്കുന്ന മെസി 2006, 2010, 2014 എന്നീ ലോകകപ്പുകളിൽ ഓരോ അസിസ്റ്റ് നേടി തിളങ്ങിയപ്പോൾ 2018ൽ രണ്ട് തവണയാണ് മെസി സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മൂന്ന് അസിസ്റ്റുകളായിരുന്നു മെസിയുടെ സമ്പാദ്യം. ഇപ്പോൾ ഈ ലോകകപ്പിൽ ഇരട്ട അസിസ്റ്റുകളുമായി തിളങ്ങി വീണ്ടും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അർജന്റൈൻ നായകൻ.

അതേസമയം മാക് അലിസ്റ്ററുടെ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനക്കെതിരെ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡി. എൻഡോയെയാണ് ലക്ഷ്യം കണ്ടത്. ഈ ഗോൾ നേടിയതിന് ശേഷം സ്വിറ്റ്സർലാൻഡ് കനത്ത തിരിച്ചടി നേരിട്ടു. ബി.എമ്പോളൊ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായാണ് സ്വിസ് ടീം പന്തുതട്ടിയത്.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസിന്റെ ഗോളിലൂടെ അർജന്റീന വിജയം ഉറപ്പാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലൗട്ടാരോ മാർട്ടിനസും ഗോൾ നേടിയതോടെ അർജന്റീന അധികാരികമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു.

ജൂലൈ 16ന് നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് മെസിയും സംഘവും നേരിടുക. ക്വാർട്ടറിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയെത്തുന്ന ത്രീലയൺസ് അർജന്റീനക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Lionel Messi create a new historical record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more