ലോകകപ്പില്‍ വീണ്ടും ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെതിരെ മനോഹരമായ ഫ്രീ കിക്ക് ഗോള്‍ നേടിയാണ് മെസി പുത്തന്‍ നേട്ടം കൈവരിച്ചത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് മെസി മാറിയത്. ഏഴാം തവണയാണ് മെസി ഇത്തരത്തില്‍ ഗോളുകള്‍ നേടുന്നത്. ബോക്‌സിന്റെ പുറത്ത് നിന്നും ബ്രസീലിയന്‍ ഇതിഹാസം റിവേലിനോയെ മറികടന്നാണ് മെസി ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിലെ രണ്ടാം പകുതിയില്‍ 61ാം മിനിട്ടിലാണ് മെസി കളത്തിലെത്തിയത്. 80ാം മിനിട്ടിലാണ് മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍ പിറന്നത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ വേട്ട തുടര്‍ന്ന മെസി ഈ ലോകകപ്പിലെ ആറാം ഗോളാണ് ജോര്‍ദാനെതിരെ നേടിയത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 19 ആക്കി ഉയര്‍ത്താനും മെസിക്ക് സാധിച്ചു.
അതേസമയം മത്സരത്തില്‍ മെസിക്ക് പുറമെ ജിയോവാനി ലോ സെല്‍സോ, ലൗട്ടാരോ മാര്‍ട്ടീനസ് എന്നിവരും അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടി. മത്സരം തുടങ്ങി 19ാം മിനിട്ടില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി. ജിയോവാനി ലോ സെല്‍സോ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം അര്‍ജന്റീന രണ്ടാം ഗോളും സ്വന്തമാക്കി.
31ാം മിനിട്ടില്‍ ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി ലൗട്ടാരോ മാര്‍ട്ടീനസ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 55ാം മിനിട്ടില്‍ മൂസ അല്‍ താമരിയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ പകരക്കാരനായെത്തിയ മെസിയുടെ ഗോളില്‍ അര്‍ജന്റീന വിജയം ഉറപ്പാക്കുകയായിരുന്നു.
അതേസമയം റൗണ്ട് ഓഫ് 32ല്‍ ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെയാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍. ജൂലൈ നാലിനാണ് മത്സരം നടക്കുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ലയണല്‍ മെസിക്കും സംഘത്തിനും വെര്‍ദെ വെല്ലുവിളി സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Lionel Messi create a huge record in world cup