| Monday, 19th October 2026, 9:52 am

റൊണാൾഡോ അടക്കമുള്ള വമ്പന്മാർ ഒരുമിച്ച് വീണു; ചരിത്രം സൃഷ്ടിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

മേജർ ലീഗ് സോക്കറിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ ഇന്റർ മയാമി തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമി വിജയിച്ചത്.

ഇതിഹാസ താരം ലയണൽ മെസിയുടെ മിന്നും ഫോമിലാണ് മയാമി വിജയിച്ചു കയറിയത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് മെസി തിളങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 56, 60 എന്നീ മിനിട്ടുകളിലായിരുന്നു മെസിയുടെ ഇരട്ട ഗോൾ പിറന്നത്.

ഈ സീസണിൽ ഗോൾ സ്കോറിങ് കൊണ്ട് പല റെക്കോഡുകളും തിരുത്തിയെഴുതി മുന്നേറുന്ന മെസി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ക്ലബ്ബിനായി ഏറ്റവും വേഗത്തിൽ 100 നോൺ പെനാൽറ്റി ഗോളുകൾ നേടുന്ന താരമായാണ് മെസി മാറിയത്. മയാമിക്കൊപ്പം 120 മത്സരങ്ങളിൽ നിന്നുമാണ് മെസി ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

ഉറുഗ്വേയ്ൻ സൂപ്പർ താരം ലൂയി സുവാരസിനെ മറികടന്നുകൊണ്ടാണ് മെസിയുടെ കുതിപ്പ്. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് വേണ്ടി 124 മത്സരങ്ങളിൽ നിന്നുമായിരുന്നു സുവാരസ് 100 നോൺ പെനാൽറ്റി ഗോളുകൾ സ്വന്തമാക്കിയിരുന്നത്.

ഈ നേട്ടം സുവാരസിനെക്കാൾ നാല് മത്സരങ്ങൾ കുറവ് കളിച്ചുകൊണ്ട് മെസി തന്റെ പേരിലാക്കിയിരിക്കുകയാണ്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റയൽ മാഡ്രിഡിന് വേണ്ടി 126 മത്സരങ്ങളിൽ നിന്നുമായിരുന്നു റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

ഒരു ക്ലബ്ബിനായി ഏറ്റവും വേഗത്തിൽ 100 നോൺ പെനാൽറ്റി ഗോളുകൾ സ്വന്തമാക്കിയ താരം, ക്ലബ്ബ്, മത്സരങ്ങളുടെ എണ്ണം

ലയണൽ മെസി – ഇന്റർ മയാമി – 120

ലൂയി സുവാരസ് – ബാഴ്സലോണ – 124

ക്രിസ്റ്റ്യാനോ റൊണാൾഡോ – റയൽ മാഡ്രിഡ് – 126

ഹാരി കെയ്ൻ – ബയേൺ മ്യൂണിക്- 131

എർലിങ് ഹാലണ്ട് – മാഞ്ചസ്റ്റർ സിറ്റി – 139

മത്സരത്തിലെ ഇരട്ട ഗോളുകൾക്ക് പിന്നാലെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 936 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. തന്നെ ഇതിഹാസമാക്കി മാറ്റിയ ബാഴ്സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയത്.

672 ഗോളുകളാണ് മെസി കറ്റാലൻമാർക്ക് വേണ്ടി നേടിയത്. അർജന്റീന ദേശീയ ടീമിനായി 126 ഗോളുകളും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്ന് വേണ്ടി 32 ഗോളുകളും മെസി സ്വന്തമാക്കി. മയാമിക്ക് വേണ്ടി 106 ഗോളുകളും എതിരാളികളുടെ വലയിൽ എത്തിച്ചാണ് മെസി കുതിക്കുന്നത്.

അതേസമയം മത്സരത്തിൽ മെസിക്ക് പുറമേ ജെർമൻ ബെർട്ടറാമാണ് മയാമിക്ക് വേണ്ടി മൂന്നാം ഗോൾ നേടിയത്. ഫാഫാ പി കോൾട്ട് ആണ് അറ്റ്ലാൻഡ യുണൈറ്റഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു താരം.

നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 30 മത്സരങ്ങളിൽ നിന്നും 15 വിജയവും 10 സമനിലയും അഞ്ച് തോൽവിയും അടക്കം 55 പോയിന്റാണ് മയാമിയുടെ അക്കൗണ്ടിലുള്ളത്. 67 പോയിന്റുമായി നാഷ് വിൽ എഫ്.സിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

എം.എൽ.എസിൽ ഒക്ടോബർ 25നാണ് ഇന്റർ മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോർക്ക് റെഡ് ബുൾസാണ് ടീമിന്റെ എതിരാളികൾ.

Content Highlight: Lionel Messi create a historical record in football

Latest Stories

We use cookies to give you the best possible experience. Learn more