| Wednesday, 9th September 2026, 3:15 pm

ലോകത്തിലെ ആദ്യ താരം; 20ാം വര്‍ഷത്തില്‍ ചരിത്രം സൃഷ്ടിച്ച് മെസി

സുദേവ് എ

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2026 ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസിയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്.

ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു ചരിത്ര നേട്ടമാണ് മെസി കൈപ്പിടിയിലാക്കിയത്. ബാലണ്‍ ഡി ഓര്‍ ചരിത്രത്തില്‍ ആദ്യ നോമിനേഷനും അവസാന നോമിനേഷനും ഇടയില്‍ 20 വര്‍ഷത്തെ വ്യത്യാസം പൂര്‍ത്തിയാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്.

2006ലാണ് മെസി ആദ്യമായി ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം നേടിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയായിരുന്നു 19ാം വയസില്‍ മെസി നോമിനേഷനില്‍ ഇടം നേടിയത്. ഇപ്പോള്‍ 2026ല്‍ തന്റെ 39ാം വയസിലും മെസി ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയതോടെയാണ് ഈ ചരിത്രനേട്ടം അര്‍ജന്റൈന്‍ ഇതിഹാസത്തിനെ തേടിയെത്തിയത്.

ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരവും മെസി തന്നെയാണ്. എട്ട് തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നത്.

മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്പെയ്നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

അതേസമയം ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ അവകാശിയെ പ്രഖ്യാപിക്കുക. ഇത്തവണ ലണ്ടനില്‍ വെച്ചാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ സര്‍ സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക.

Content Highlight: Lionel Messi create a historical record in Ballon d or

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more