2026 ഫിഫ ലോകകപ്പ് ആവേശം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 48 ടീമുകള്‍ കിരീടത്തിനായി മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രമാണ്.
ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന സെമി ഫൈനല്‍ പോരാട്ടങ്ങളാണ് ഇനിയുള്ളത്. ആദ്യ സെമിയില്‍ ഫ്രാന്‍സും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ആദ്യ സെമി പോരാട്ടം ജൂലൈ 15നും രണ്ടാം സെമി ജൂലൈ 16നുമാണ് നടക്കുന്നത്.
നീണ്ട 60 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോക കിരീടം ചൂടാന്‍ സ്പാനിഷ് പടയും കഴിഞ്ഞ തവണ കയ്യകലെ നഷ്ടപ്പെട്ട കിരീടം കൈപ്പിടിയിലാക്കാന്‍ ഫ്രാന്‍സും ഒരുങ്ങിയിരിക്കുകയാണ്.
ഇവര്‍ക്കൊപ്പം കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ നാലാം കിരീടം ഇത്തവണ അര്‍ജന്റീനക്ക് നേടാനായാല്‍ നായകന്‍ ലയണല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ക്യാപ്റ്റനും ഇതുവരെ നേടാനാവാത്ത റെക്കോഡാണ്.
സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലില്‍ കിരീടം ചൂടിയാല്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാവാന്‍ മെസിക്ക് സാധിക്കും. 96 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഒരു ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര നേട്ടം മെസിക്ക് നേടാനാവുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ മാത്രമായിരുന്നു മെസി ഗോള്‍ നേടാതെ പോയത്. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം മെസി എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ സ്വിസ് ടീമിനെതിരെ ഗോള്‍ നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നേടി മെസി തിളങ്ങി.
ഈ അസിസ്റ്റിന് പിന്നാലെ മെസി ഒരു പുതിയ റെക്കോഡും തന്റെ പേരിലാക്കി മാറ്റി. ലോകകപ്പിന്റെ ചരിത്രത്തില്‍ 10 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമായിരുന്നു മെസി സ്വന്തമാക്കിയത്. മെസിയുടെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Lionel Messi could become the first captain to win consecutive titles if he wins the 2026 FIFA World cup