ഫുട്‌ബോള്‍ കരിയറില്‍ 400 അസിസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസ താരം ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറില്‍ ഞായറാഴ്ച നാഷ്‌വില്ലിനെതിരായ മത്സരത്തില്‍ മയാമിയുടെ നാലാം ഗോളിന് വഴിയൊരുക്കിയതോടെയാണ് അര്‍ജന്റൈന്‍ ലെജന്‍ഡിന്റെ പേരില്‍ ഈ ചരിത്ര നേട്ടം കുറിക്കപ്പെട്ടത്. മത്സരത്തില്‍ ഹെറോണ്‍സ് എതിരില്ലാത്ത നാല് ഗോളിന് വിജയം സ്വന്തമാക്കിയിരുന്നു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ 400 അസിസ്റ്റുകളെന്ന ഐതിഹാസിക നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം താരമാണ് ലയണല്‍ മെസി. ഇതിഹാസ താരം ഫെറന്‍സ് പുസ്‌കാസ് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 404 തവണയാണ് പുസ്‌കാസ് സഹതാരങ്ങളെക്കൊണ്ട് പന്ത് വലയിലെത്തിച്ചത്.
ഫെറന്‍സ് പുസ്‌കാസ്
(താരം – അസിസ്റ്റ് എന്നീ ക്രമത്തില്‍)
ഫെറന്‍സ് പുസ്‌കാസ് – 404
ലയണല്‍ മെസി – 400*
പെലെ – 369
യോഹാന്‍ ക്രൈഫ് – 358
തോമസ് മുള്ളര്‍ – 352
ലൂയീസ് സുവാരസ് – 317
കെവിന്‍ ഡി ബ്രൂയ്‌നെ – 316
കരിയറില്‍ 304 അസിസ്റ്റുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. പട്ടികയില്‍ ഒമ്പതാമനാണ് പോര്‍ച്ചുഗല്‍ ലെജന്‍ഡ്. ഗോളടിയില്‍ 1,000 ഗോളെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ ഓടിയടുക്കുമ്പോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം അസിസ്റ്റ് എന്ന നേട്ടത്തിലേക്കാണ് മെസി കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.
കരിയറില്‍ ഏറ്റവുമധികം മത്സരം കളിച്ച ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം അസിസ്റ്റുകളും സ്വന്തമാക്കിയത്. 269 തവണ മെസി കറ്റാലന്‍ ജേഴ്‌സിയില്‍ സഹതാരങ്ങള്‍ക്ക് വലകുലുക്കാന്‍ അവസരമൊരുക്കി. അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പം 60 അസിസ്റ്റുകളും പി.എസ്.ജിക്കായി 34 അസിസ്റ്റുകളും സ്വന്തമാക്കി.
ഇന്റര്‍ മയാമി ജേഴ്‌സിയില്‍ 37 തവണയാണ് മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയത്.
അതേസമയം, നാഷ്‌വില്ലിനെതിരായ മത്സരത്തില്‍ ഗോളടിപ്പിക്കുക മാത്രമല്ല, ഗോളടിക്കുകയും ചെയ്തു. നാലില്‍ രണ്ട് ഗോളുകളും മെസിയാണ് നാഷ്‌വില്‍ ഗോള്‍കീപ്പര്‍ ജോ വില്‍സിനെ മറികടന്ന് വലയിലെത്തിച്ചത്. തദേയോ അലേന്‍ഡെയാണ് മറ്റ് രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
എം.എല്‍.എസ് പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 34 മത്സരത്തില്‍ നിന്നും 19 ജയവും രണ്ട് സമനിലയും 13 തോല്‍വിയുമായി 65 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിന്‍സിനാട്ടിക്കും 65 പോയിന്റ് തന്നെയാണുള്ളത്. 66 പോയിന്റുമായി ഫിലാഡെല്‍ഫിയ യൂണിയനാണ് ഒന്നാമത്.
Content Highlight: Lionel Messi completes 400 career assists